പ്രീമിയർ ലീഗ്, ഈ ട്രാൻസ്ഫർ വിൻഡോയിൽ മിന്നിയ ക്ലബ് ഏത്?
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. പല ക്ലബ്ബുകളും തങ്ങളുടെ ശക്തി വർധിപ്പിച്ചിട്ടുണ്ട്.ഏവരെയും അത്ഭുതപ്പെടുത്തിയത് ചെൽസി തന്നെയാണ്. നിരവധി സൂപ്പർതാരങ്ങളെ അവർ സ്വന്തമാക്കി. ഏറ്റവും ഒടുവിൽ ജേഡൻ സാഞ്ചോയെ സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു.
എന്നാൽ പ്രീമിയർ ലീഗിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത, അല്ലെങ്കിൽ ഏറ്റവും മികച്ച സൈനിങ്ങുകൾ നടത്തിയിട്ടുള്ള ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.ബ്ലീച്ചർ റിപ്പോർട്ട് അവരുടെ വിലയിരുത്തലിൽ എ ഗ്രേഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയിട്ടുള്ളത്.മികച്ച ട്രാൻസ്ഫറുകൾ നടത്താൻ അവർക്ക് കഴിഞ്ഞു എന്നുള്ളത് ഒരു വസ്തുതയാണ്.
ഏറ്റവും പ്രധാനപ്പെട്ട താരം ഫ്രഞ്ച് പ്രതിരോധനിരതാരമായ ലെനി യോറോയാണ്. റയൽ മാഡ്രിഡ് സ്വന്തമാക്കാൻ വലിയ ശ്രമങ്ങൾ നടത്തിയ ഈ താരത്തെ യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു.ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്ക്മാരിൽ ഒരാളായി കൊണ്ട് വിലയിരുത്തപ്പെടുന്ന താരമാണ് യോറോ. അതോടൊപ്പം തന്നെ സ്ട്രൈക്കർ പൊസിഷനിലേക്ക് അവർ സിർക്സിയെ കൊണ്ടുവന്നിട്ടുണ്ട്.മികച്ച ഒരു സ്ട്രൈക്കറെ തന്നെയാണ് അവർക്ക് ലഭിച്ചിട്ടുള്ളത്.
യുണൈറ്റഡ് തങ്ങളുടെ ഡിഫൻസിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തിട്ടുള്ളത്.ബയേൺ മ്യൂണിക്കിൽ നിന്നും സൂപ്പർ താരങ്ങളായ ഡി ലൈറ്റ്,മസ്റോയി എന്നിവരെ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ പിഎസ്ജിയിൽ നിന്ന് മാനുവൽ ഉഗാർത്തയെയും അവർ കൊണ്ടുവന്നു. ഇവരെല്ലാം തന്നെ മിന്നുന്ന താരങ്ങളാണ്. കൂടാതെ അണ്ടർ 17 വേൾഡ് കപ്പിൽ ഗംഭീര പ്രകടനം നടത്തിയ സീകൂ കോനെയേയും അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളെയാണ് അവർ കൊണ്ടുവന്നിട്ടുള്ളത്.
ആവശ്യമില്ലാത്ത ഒരുപാട് താരങ്ങളെ അവർ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.മക്ടോമിനെ,ഗ്രീൻവുഡ്,വരാനെ,മാർഷ്യൽ എന്നിവരൊക്കെ ഇപ്പോൾ ക്ലബ്ബ് വിട്ട് കഴിഞ്ഞു.ടെൻ ഹാഗ് ആവശ്യപ്പെട്ട താരങ്ങളെയൊക്കെ അവരുടെ മാനേജ്മെന്റ് ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.ഇനി ഇവരെ കൃത്യമായി ഉപയോഗപ്പെടുത്തുക എന്ന ദൗത്യമാണ് പരിശീലകനിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.