പ്രീമിയർ ലീഗ് അടക്കി ഭരിച്ച് ബ്രസീലിയൻ ഗോൾകീപ്പർമാർ

ഇന്നലത്തെ മത്സരങ്ങളോട് കൂടി ഈ സീസണിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത് വീണ്ടുമൊരു ബ്രസീലിയൻ ഗോൾകീപ്പർ. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ കീപ്പറായ എഡേഴ്സൺ മോറസാണ് ഇത്തവണത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ. കഴിഞ്ഞ തവണ കയ്യത്തും ദൂരത്ത് നിന്ന് നഷ്ടമായ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ഇത്തവണ ആർക്കും വിട്ടുകൊടുക്കാൻ എഡേഴ്‌സൺ തയ്യാറായില്ല. പതിനാറ് ക്ലീൻഷീറ്റുകൾ നേടികൊണ്ടാണ് എഡേഴ്‌സൺ ഈ പുരസ്‌കാരം നേടിയത്. ഇന്നലത്തെ മത്സരത്തിന് മുൻപ് ബേൺലി കീപ്പർ പോപ്പും എഡേഴ്‌സണും ഒപ്പത്തിനൊപ്പം ആയിരുന്നുവെങ്കിലും എഡേഴ്‌സൺ ഇന്നലെ ക്ലീൻഷീറ്റ് നേടുകയായിരുന്നു. പോപ്പ് ആവട്ടെ ഇന്നലെ ഗോൾ വഴങ്ങുകയും ചെയ്തു. ഇതോടെ പുരസ്‌കാരം എഡേഴ്‌സണിന്റെ കൈകളിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീലിയൻ ഗോൾകീപ്പർമാർ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടുന്നത്.

കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബക്കറായിരുന്നു ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത്. അന്ന് അദ്ദേഹം 21 ക്ലീൻ ഷീറ്റുകൾ ആയിരുന്നു നേടിയത്. 20 എണ്ണം നേടിയ എഡേഴ്‌സൺ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഇപ്രാവശ്യം പതിമൂന്നു ക്ലീൻഷീറ്റുകൾ നേടാനേ ആലിസണ് സാധിച്ചൊള്ളൂ. കാരണം പരിക്ക് മൂലം ഏഴോളം മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. എന്നിരുന്നാലും പ്രീമിയർ ലീഗിലെത്തിയ രണ്ട് സീസണും മികച്ച രീതിയിൽ കളിക്കാൻ ആലിസണ് സാധിച്ചു. എഡേഴ്‌സണും അങ്ങനെ തന്നെയാണ്. 2017-18 സീസണിലാണ് ആദ്യമായി പ്രീമിയർ ലീഗ് കളിച്ചത്. ഈ സീസണിൽ 16 ക്ലീൻഷീറ്റുകൾ നേടി രണ്ടാം സ്ഥാനം നേടിയിരുന്നു. 2018/19 സീസണിലും രണ്ടാം സ്ഥാനം നേടിയ എഡേഴ്‌സൺ ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് നേടി. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ മൂന്നു വർഷമായി പ്രീമിയർ ലീഗിലെ ഗോൾകീപ്പിങ് മേഖല ബ്രസീലിയൻ ഗോൾകീപ്പർമാർ അടക്കി ഭരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *