പ്രീമിയർ ലീഗിൽ ആരും ഡിഫൻഡ് ചെയ്യുന്നില്ലെന്ന് സിമയോണി, മറുപടി നൽകി റോഡ്രി!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ സമനിലയിൽ പിരിഞ്ഞിരുന്നു.ഒരു ആവേശകരമായ മത്സരം തന്നെയായിരുന്നു നടന്നിരുന്നത്.സ്റ്റാംഫോർഡ് ബ്രിഡ് ജിൽ വെച്ച് നടന്ന മത്സരത്തിൽ ആകെ 8 ഗോളുകളായിരുന്നു പിറന്നിരുന്നത്. നാലു ഗോളുകൾ വീതമായിരുന്നു രണ്ട് ടീമുകളും നേടിയിരുന്നത്.

എന്നാൽ ഇതിന് പിന്നാലെ പ്രീമിയർ ലീഗിനെതിരെ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണി രംഗത്ത് വന്നിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ” ഇംഗ്ലീഷ് ഫുട്ബോൾ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കുക. മത്സരം അവസാനിക്കുമ്പോൾ നാലും അഞ്ചും ആറും ഗോളുകൾ പിറന്നിട്ടുണ്ടാവും.ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഗംഭീര അനുഭവമായിരിക്കും.മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള മത്സരം അങ്ങനെയായിരുന്നു.കാണാൻ നല്ല രസമായിരിക്കും,പക്ഷേ അവിടെ ആരും ഡിഫൻഡ് ചെയ്യുന്നില്ല. അതാണ് പ്രശ്നം ” ഇതായിരുന്നു സിമയോണി പറഞ്ഞിരുന്നത്.

അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡിഫൻഡിങ്ങിന് പ്രാധാന്യം നൽകുന്നില്ല എന്നാണ് ഇദ്ദേഹം ആരോപിച്ചത്. എന്നാൽ ഇതിന് മറുപടി നൽകിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരതാരമായ റോഡ്രി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ അദ്ദേഹത്തിന്റെ വാദത്തോട് വിയോജിക്കുന്നു.എല്ലാ ടീമുകളും ഒരേ രീതിയിൽ അല്ല ഇവിടെ കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരം വരുമ്പോൾ 90 മിനിട്ടും പ്രതിരോധിച്ചു നിന്നുകൊണ്ട് കളിക്കുന്ന ഒരുപാട് ടീമുകളെ നിങ്ങൾക്ക് കാണാം.എല്ലാ മത്സരങ്ങളും അങ്ങനെയാണ് എന്ന് പറയുന്നില്ല. ചില മത്സരങ്ങളിൽ കൂടുതലായിട്ട് ഓപ്പൺ സ്പേസുകൾ ഉണ്ടാകും. പക്ഷേ വളരെ കരുത്തുറ്റ ഡിഫൻസുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ ഈ സീസണിൽ പോരാട്ടം മുറുകുകയാണ്. 28 പോയിന്റുള്ള സിറ്റി ഒന്നാം സ്ഥാനത്തും 27 പോയിന്റ് വീതമുള്ള ലിവർപൂളും ആഴ്സണലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിന്റെ പോയിന്റ് 26 ആണ്. അഞ്ചാം സ്ഥാനത്തുള്ള വില്ലയുടെ പോയിന്റ് 25 ആണ്. ചുരുക്കത്തിൽ വ്യക്തമായ ആധിപത്യം ഇവിടെ ആർക്കും തന്നെയില്ല.

Leave a Reply

Your email address will not be published. Required fields are marked *