പ്രീമിയർ ലീഗിലേക്ക് ബ്രസീൽ താരങ്ങൾ പോകരുത്,വേൾഡ് കപ്പ് സാധ്യത കുറയും: വിശദീകരിച്ച് കഫു

ഫുട്ബോൾ ലോകത്തിന് ഒരുപാട് ഇതിഹാസങ്ങളെ സമ്മാനിച്ചിട്ടുള്ള രാജ്യമാണ് ബ്രസീൽ. ബ്രസീലിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ ഒരല്പം ബുദ്ധിമുട്ടേറിയതാണ്. കഴിഞ്ഞ കോപ്പ അമേരിക്കയോ വേൾഡ് കപ്പോ നേടാൻ ബ്രസീലിന് സാധിച്ചിട്ടില്ല. 20 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി ബ്രസീൽ വേൾഡ് കപ്പ് കിരീടം നേടിയത്.സമീപകാലത്ത് ഒരുപാട് തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.

ബ്രസീലിനോടൊപ്പം വേൾഡ് കപ്പ് സ്വന്തമാക്കിയ ഇതിഹാസമാണ് കഫു.ബ്രസീലിയൻ താരങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഇപ്പോൾ ഒരു ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ബ്രസീലിയൻ താരങ്ങൾ പോകരുത് എന്നാണ് അദ്ദേഹം ഉപദേശമായി കൊണ്ട് നൽകിയിട്ടുള്ളത്.മറിച്ച് ലാലിഗയെ തിരഞ്ഞെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം കഫു വ്യക്തമാക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂടുതൽ ബ്രസീൽ താരങ്ങൾ പോകുന്നതിൽ എനിക്ക് പേടിയുണ്ട്.കാരണം അത് ബ്രസീലിന് വേൾഡ് കപ്പ് കിരീടം നേടാനുള്ള സാധ്യതകളെ കുറക്കുകയാണ് ചെയ്യുന്നത്. ഇംഗ്ലണ്ടിലെ മാധ്യമങ്ങൾ ഓരോ ആഴ്ചയിലും താരങ്ങളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. നിങ്ങളാണ് ലോകത്തിലെ മികച്ച താരം എന്ന് പറഞ്ഞുകൊണ്ട് അവർ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കും. നിങ്ങൾ മികച്ച താരമായിട്ടുണ്ടാവില്ല.ബ്രസീലിയൻ താരങ്ങളോട് എനിക്ക് പറയാനുള്ളത്,നിങ്ങൾ ലാലിഗയിലേക്ക് പോകണം എന്നതാണ്. ഫൈനലുകളിൽ പ്രവേശിക്കാനും കിരീടങ്ങൾ തേടാനുമുള്ള ഹൈ മെന്റാലിറ്റി ലാലിഗയിലാണ് ഉള്ളത്. അവർ ഒരിക്കലും താരങ്ങൾക്ക് ആവശ്യമില്ലാത്ത ഹൈപ്പ് കൊടുക്കില്ല.അവിടെ യഥാർത്ഥ ഫുട്ബോളിനെ കുറിച്ച് മാത്രമാണ് സംസാരിക്കപ്പെടുക.മിത്തുകളെ കുറിച്ച് സംസാരിക്കപ്പെടില്ല ” ഇതാണ് ബ്രസീലിയൻ ഇതിഹാസമായ കഫു പറഞ്ഞിട്ടുള്ളത്.

അതായത് പ്രീമിയർ ലീഗിലേക്ക് പോയാൽ കരിയറിൽ വളർച്ച ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നും എന്നാൽ ലാലിഗയിൽ അങ്ങനെയല്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്. നിലവിൽ ഒരുപാട് ബ്രസീലിയൻ താരങ്ങൾ പ്രീമിയർ ലീഗിലും ലാലിഗയിലും കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. വരുന്ന കോപ്പ അമേരിക്കയ്ക്ക് മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്‌ക്വാഡ് ബ്രസീൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *