പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരം ഡി ബ്രൂയിനക്ക്,വിമർശനം!

ഈ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിന കരസ്ഥമാക്കി. കഴിഞ്ഞ ദിവസമാണ് പ്രീമിയർ ലീഗ് പുരസ്കാരജേതാവിനെ പ്രഖ്യാപിച്ചത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,ജോവോ കാൻസെലോ,ട്രന്റ് അലക്സാണ്ടർ അർനോൾഡ്,ബോവൻ,ബുക്കയോ സാക്ക,ഹയൂങ്‌ മിൻ സൺ,വാർഡ് പ്രൗസ് എന്നിവരെ പിന്തള്ളിയാണ് ഡി ബ്രൂയിന ഈ അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്.

ഇത് രണ്ടാം തവണയാണ് തന്റെ കരിയറിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഡി ബ്രൂയിനക്ക് ലഭിക്കുന്നത്. ഇതിനു മുൻപ് 2019-20 സീസണിൽ ഈ പുരസ്കാരം കരസ്ഥമാക്കിയത് ഡി ബ്രൂയിനയായിരുന്നു. ഈ പ്രീമിയർ ലീഗിൽ ഇതുവരെ 15 ഗോളുകളും 7 അസിസ്റ്റുകളുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. ഈ പുരസ്കാരം നേടാനായതിലുള്ള സന്തോഷം ഇപ്പോൾ ഡി ബ്രൂയിന പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ സിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” രണ്ടാം തവണയാണ് ഈ പുരസ്കാരം ഞാൻ എന്റെ കരിയറിൽ നേടുന്നത്. എനിക്ക് വളരെയധികം അഭിമാനം തോന്നുന്നുണ്ട്. ഒരുപാട് ക്വാളിറ്റികൾ പ്രീമിയർ ലീഗിനുണ്ട്. തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളോടൊപ്പമാണ് ഈ പുരസ്കാരത്തിന് വേണ്ടി പോരാടിയത്. ഈ സീസണിലെ പ്രകടനം നല്ലതായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ടീമിനെ സഹായിക്കാൻ കഴിയുന്നത് ഞാൻ ഹാപ്പിയാണ്. കൂടാതെ ഞാൻ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു ” ഇതാണ് ഡി ബ്രൂയിന പറഞ്ഞിട്ടുള്ളത്.

എന്നാൽ താരത്തിന് ഈ പുരസ്കാരം സമ്മാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്. ഈ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയ താരം ലിവർപൂളിന്റെ സലായായിരുന്നു. അദ്ദേഹമായിരുന്നു ഈ പുരസ്കാരം അർഹിച്ചിരുന്നത് എന്നാണ് പലരും വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *