പ്രീമിയർ ലീഗിലെ ടോപ് സിക്സ് ക്ലബുകളിൽ ഒന്ന് പോലും ഇപ്പോൾ മെസ്സിയെ എടുക്കാൻ തയ്യാറാവില്ല : മുൻ ഇംഗ്ലീഷ് താരം പറയുന്നു!
കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ സൂപ്പർതാരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നില്ല. കേവലം 11 ഗോളുകൾ മാത്രമായിരുന്നു കഴിഞ്ഞ സീസണിൽ മെസ്സി നേടിയിരുന്നത്. എന്നാൽ വരുന്ന സീസണിൽ മെസ്സി തന്റെ പ്രതിഭയോട് നീതി പുലർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതായാലും ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച് ഇംഗ്ലീഷ് താരമായിരുന്ന ഡാനി മിൽസ് ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്നും എന്നാൽ നിലവിലെ അവസ്ഥയിൽ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ ടോപ് സിക്സ് ക്ലബ്ബുകളിൽ ഒന്നുപോലും തയ്യാറാവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്.ഞാൻ ക്രൈഫിന്റെയോ മറഡോണയുടെയോ മത്സരങ്ങൾ ലൈവായി കണ്ടിട്ടില്ല.അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്.റൊണാൾഡോയെ എനിക്കറിയാം. ചില മേഖലകളിൽ അദ്ദേഹം മുന്നിട്ട് നിൽക്കുന്നു.ഒരു ബിഗ് ഗെയിം പ്ലയെറാണ് ക്രിസ്ത്യാനോ റൊണാൾഡോ. പക്ഷേ ഒരു തികഞ്ഞ ഫുട്ബോളർ എന്ന നിലയിൽ ലയണൽ മെസ്സി തന്നെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം “.
Pundit Says Lionel Messi Wouldn’t Play for Any Top Six Premier League Club https://t.co/alcd77GdPf
— PSG Talk (@PSGTalk) July 6, 2022
” പക്ഷേ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ അവസ്ഥ ഒന്ന് പരിഗണിച്ചു നോക്കൂ. നിങ്ങൾ ആരെങ്കിലും അദ്ദേഹത്തെ ടീമിലെടുക്കാൻ ശ്രമിക്കുമോ? എനിക്ക് തോന്നുന്നില്ല നിങ്ങൾ അതിന് തയ്യാറാവുമെന്ന്. നമ്മൾ പ്രീമിയർ ലീഗിനെ കുറിച്ചാണ് ചർച്ചചെയ്യുന്നത്.അതുകൊണ്ടുതന്നെ യാഥാർത്ഥ്യബോധ്യത്തോട് കൂടി വേണം സംസാരിക്കാൻ. നിലവിൽ ലിവർപൂളോ സിറ്റിയോ ടോട്ടൻഹാമോ അദ്ദേഹത്തെ സ്വന്തമാക്കുമെന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് ഡാനി മിൽസ് പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രീമിയർ ലീഗ് ആരാധകർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ തങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നുള്ളതാണ് പ്രീമിയർ ലീഗിലെ ടോപ് സിക്സ് ക്ലബ്ബുകളുടെ ആരാധകർ സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുള്ളത്.