പ്രശ്നക്കാരൻ ടെൻ ഹാഗാണ് : വിമർശിച്ച് മുൻ യുണൈറ്റഡ് താരം!

വളരെ മോശം പ്രകടനമാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ 12 തോൽവികൾ അവർ വഴങ്ങി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായി.യൂറോപയിലേക്ക് യോഗ്യത നേടാനും അവർക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മോശം അവസ്ഥയിലാണ് യുണൈറ്റഡ് ഉള്ളത്.

അതുകൊണ്ടുതന്നെ പരിശീലകൻ എറിക് ടെൻ ഹാഗിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ജാപ് സ്റ്റാമും ഇപ്പോൾ ഈ പരിശീലകനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരൻ ടെൻ ഹാഗാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. ടീമിനകത്ത് ശാന്തത ഉണ്ടാക്കുന്നതിന് പകരം പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്റ്റാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് തീർച്ചയായും ടെൻ ഹാഗ് ആശങ്കപ്പെടണം.തീർച്ചയായും നിങ്ങൾക്ക് താരങ്ങളെ വിലക്കാം, എന്നാൽ താരങ്ങളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ക്രിസ്റ്റ്യാനോ,സാഞ്ചോ,വരാനെ എന്നിവരുടെ കാര്യത്തിൽ ഒക്കെ പ്രശ്നങ്ങൾ ഉണ്ടായി.എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. മാത്രമല്ല ഇപ്പോൾ മാധ്യമങ്ങളെ കൂടി നിങ്ങൾ വിലക്കി. ഒരു പരിശീലകൻ എന്ന നിലയിൽ ഇത് ഒരിക്കലും നിങ്ങൾക്ക് നല്ലതല്ല.എപ്പോഴും ടീമിനകത്ത് ശാന്തതയാണ് വേണ്ടത്, പ്രശ്നങ്ങളല്ല. എനിക്ക് നിങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ട്, കാരണം നല്ല റിസൾട്ടുകൾ ഉണ്ടാക്കാനല്ല നിങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് ” ഇതാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 7 തോൽവികൾ ആണ് പ്രീമിയർ ലീഗിൽ മാത്രമായി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.അടുത്ത മത്സരത്തിൽ ചിരവൈരികളായ ലിവർപൂൾ ആണ് യുണൈറ്റഡിന്റെ എതിരാളികൾ. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *