പോയി മറ്റൊരു ഷർട്ട് ധരിക്കൂ:യുണൈറ്റഡ് എംബ്ലം മറച്ച് വെച്ച് ആരാധകനോട് ഹാലന്റ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരിക്കുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് സിറ്റിക്ക് വേണ്ടി താരം കഴിഞ്ഞ സീസണിൽ നടത്തിയിട്ടുള്ളത്. 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് ഹാലന്റ് സിറ്റിക്ക് വേണ്ടി നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ മൂന്ന് കിരീടങ്ങൾ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹാലന്റ് തന്റെ ജന്മനാട്ടിലെ കുട്ടിക്കാലത്തെ ക്ലബ്ബ് സന്ദർശിച്ചിരുന്നു. അവിടുത്തെ ഒരുപാട് കുട്ടി ആരാധകർ ഹാലന്റിനൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിലൊരു ആരാധകൻ സിറ്റിയുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയായിരുന്നു ധരിച്ചിരുന്നത്. വളരെ രസകരമായ രീതിയിലാണ് ഹാലന്റ് ഇതിനെ സമീപിച്ചത്.
Erling Haaland covered this young fan's Manchester United badge before taking the picture 😂👏
— ESPN FC (@ESPNFC) June 21, 2023
(via @tv2sport) pic.twitter.com/rJhba3gREF
ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്നായിരുന്നു ആരാധകൻ ചോദിച്ചിരുന്നത്. അപ്പോൾ ഹാലന്റ് അതിന് സമ്മതം മൂളുകയായിരുന്നു. പിന്നീട് യുണൈറ്റഡ് ജേഴ്സിയിലെ എംബ്ലം ഹാലന്റ് തന്നെ തന്റെ കൈകൊണ്ട് മറച്ചു പിടിക്കുകയും ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം പോയി മറ്റൊരു ഷർട്ട് ധരിക്കൂ എന്നാണ് ഹാലന്റ് ആരാധകനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വളരെ തമാശരൂപേണ ചിരിച്ചുകൊണ്ടാണ് ഹാലന്റ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.അതിന്റെ വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്.
2018ൽ കേവലം നാലു മില്യൺ പൗണ്ടിന് ഹാലന്റിനെ സൈൻ ചെയ്യാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡ് കൈവന്നിരുന്നു. അവരുടെ ഇതിഹാസതാരമായിരുന്ന സോൾഷെയറായിരുന്നു അന്ന് ഹാലന്റിനെ യുണൈറ്റഡിന് റെക്കമെന്റ് ചെയ്തിരുന്നത്. എന്നാൽ യുണൈറ്റഡ് അത് നിരസിക്കുകയായിരുന്നു.