പോഗ്ബ യുണൈറ്റഡ് വിടുന്നതാണ് നല്ലത് : റൂണി

റെക്കോർഡ് തുകക്കായിരുന്നു 2016-ൽ പോൾ പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിൽ നിന്നും സ്വന്തമാക്കിയത്.എന്നാൽ അതിനൊത്ത ഒരു സ്ഥിരതയാർന്ന പ്രകടനം ഇതുവരെ പോഗ്ബക്ക് യുണൈറ്റഡിൽ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ താരം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.

ഇപ്പോഴിതാ ഇക്കാര്യത്തിൽ പോൾ പോഗ്ബക്ക് ഒരു നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് സൂപ്പർ താരമായിരുന്ന വെയിൻ റൂണി. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നതാണ് പോഗ്ബക്ക് നല്ലത് എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പോൾ പോഗ്ബക്ക് ക്ലബ് മാറാനുള്ള ഏറ്റവും നല്ല സമയം ഇതാണ് എന്നാണ് ഞാൻ കരുതുന്നത്.പോഗ്ബ അദ്ദേഹത്തോട് തന്നെ സത്യസന്ധനാണെങ്കിൽ, അദ്ദേഹം ഇഷ്ടപ്പെടുന്നത് പോലെയുള്ള ഒരു ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് അദ്ദേഹം മനസ്സിലാക്കണം.പോഗ്ബ ഫ്രാൻസിന് വേണ്ടി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അവിടെ അദ്ദേഹം തീർത്തും വ്യത്യസ്തനായ ഒരു താരമാണ്. അദ്ദേഹത്തിന്റെ കഴിവും വിഷനും മത്സരം നിയന്ത്രിക്കുന്ന രീതിയുമൊക്കെ നമുക്ക് ഫ്രാൻസിൽ കാണാനാവും. പക്ഷേ അത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുവരെ വർക്ക് ആയിട്ടില്ല.അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോവാൻ അനുവദിക്കേണ്ടതുണ്ട് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

ഈ സീസണോടു കൂടിയാണ് പോഗ്ബയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരം കരാർ പുതുക്കാനുള്ള സാധ്യതകൾ കുറവാണ്.യുവന്റസ്,റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരെ പോഗ്ബയുമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *