പോഗ്ബയുടെ പെനാൽറ്റി, രൂക്ഷവിമർശനവുമായി എമി മാർട്ടിനെസ്, വീഡിയോ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ തറപ്പറ്റിച്ചിരുന്നു. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ആന്റണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് ഗോളുകൾ നേടിയത്. എന്നാൽ യുണൈറ്റഡിന്റെ വിജയഗോളായ ബ്രൂണോയുടെ ഗോൾ വന്നത് ഒരു പെനാൽറ്റിയിലൂടെയായിരുന്നു. മത്സരത്തിന്റെ 61-ആം മിനുട്ടിൽ പോഗ്ബയെ വീഴ്ത്തിയതിനായിരുന്നു യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചത്. VAR സമ്പ്രദായം ഉപയോഗിച്ച് കൊണ്ടും റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ പോഗ്ബയുടെ ഒരു കാലിൽ മറ്റൊരു കാൽ തട്ടി താരം തന്നെ സ്വയം ബോക്സിൽ വീഴുകയായിരുന്നു. ഇത് VAR-ൽ തെളിഞ്ഞിട്ടും പെനാൽറ്റി കൊടുത്തതിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ആസ്റ്റൺ വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്.

തന്റെ ട്വിറ്റെറിലൂടെയാണ് ഈ സംഭവത്തിലെ പ്രതിഷേധം താരം രേഖപ്പെടുത്തിയത്. പോൾ പോഗ്ബയെ പോൾ പോഗ്ബ തന്നെ വീഴ്ത്തിയതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചു എന്ന പരിഹാസരൂപേണയില്ല ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് മാർട്ടിനെസ് തന്റെ വിമർശനം അറിയിച്ചത്. കൂടാതെ ” മത്സരത്തിന്റെ ചുരുക്കമെന്ന ” ക്യാപ്ഷനും മാർട്ടിനെസ് ഇതിന് നൽകി. ആ പെനാൽറ്റി വഴങ്ങിയതിൽ താൻ ഒട്ടും തൃപ്തനല്ല എന്ന് തന്നെയാണ് മാർട്ടിനെസ് ഇതിലൂടെ അറിയിച്ചത്. ഏതായാലും ജയത്തോടെ ലിവർപൂളിനൊപ്പമെത്താൻ യുണൈറ്റഡിന് സാധിച്ചു. അതേസമയം ഉജ്ജ്വലപ്രകടനമായിരുന്നു മാർട്ടിനെസിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *