പെപ് എല്ലാവർക്കും ഒരു പ്രശ്നമാണ്: അമോറിം
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയുടെ കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്ന റൂമറുകൾ സജീവമായിരുന്നു. എന്നാൽ രണ്ടുവർഷത്തേക്ക് കൂടി അദ്ദേഹം കോൺട്രാക്ട് പുതുക്കുകയായിരുന്നു. 2027 വരെ സിറ്റിയുടെ പരിശീലക സ്ഥാനത്ത് പെപ് തന്നെ ഉണ്ടാകും.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ റൂബൻ അമോറിം പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.പെപ് കോൺട്രാക്ട് പുതുക്കിയതിനോട് തന്റെ പ്രതികരണം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.പെപ് കരാർ പുതുക്കിയത് പ്രീമിയർ ലീഗിലെ എല്ലാവർക്കും ഒരു പ്രശ്നമാണ് എന്നാണ് അമോറിം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഇത് ഇവിടെയുള്ള എല്ലാവർക്കും ഒരു പ്രശ്നമാണ്. പക്ഷേ ഞങ്ങൾ മറ്റുള്ളവരിൽ ഒന്നും തന്നെ ശ്രദ്ധ ചെലുത്തുന്നില്ല.മറിച്ച് ഞങ്ങൾക്ക് തന്നെ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്.ഞങ്ങളുടെ ക്ലബ്ബിനെ ഇമ്പ്രൂവ് ചെയ്യിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കേണ്ടത്. അല്ലാതെ മറ്റുള്ള ക്ലബ്ബുകളിൽ ശ്രദ്ധ നൽകേണ്ട കാര്യമില്ല.സിറ്റി മികച്ച ടീമാണ്.അവരെ പരാജയപ്പെടുത്താൻ സാധിക്കുകയാണെങ്കിൽ അത് മികച്ച ഒരു സൂചന തന്നെയാണ്. പക്ഷേ ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത് ” ഇതാണ് അമോറിം പറഞ്ഞിട്ടുള്ളത്.
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇപ്സ് വിച്ച് ടൗണാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ മത്സരം നടക്കുക. വിജയത്തോടുകൂടി യുണൈറ്റഡിൽ അരങ്ങേറാൻ അമോറിമിന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.