പെപ്പിനും കൂട്ടർക്കും പുറത്തേക്കുള്ള വഴി കാണിച്ച് പീരങ്കിപ്പടയുടെ തേരോട്ടം

എഫ്എ കപ്പിൽ ഇന്നലെ നടന്ന സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. അതികായകന്മാരെന്ന തലയെടുപ്പോടെ എത്തിയ പെപ്പിനെയും കൂട്ടരെയും എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗണ്ണേഴ്‌സ്‌ തകർത്തു വിടുകയായിരുന്നു. ഓരോ പകുതികളിലും ഓരോ ഗോൾ വീതം നേടിയ ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റിയെ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു. ഡേവിഡ് ലൂയിസ് അടങ്ങിയ പ്രതിരോധനിര സിറ്റിയെ അക്ഷരാർത്ഥത്തിൽ പൂട്ടുകയായിരുന്നു. ഇതോടെ സിറ്റിയുടെ ഒരു കിരീടപ്രതീക്ഷക്ക് കൂടി വിരാമമായി.ഇത് ഇരുപത്തിയൊന്നാം തവണയാണ് ആഴ്‌സണൽ എഫ്എ കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇനി ചാമ്പ്യൻസ് ലീഗ് മാത്രമാണ് സിറ്റിക്ക് മുന്നിലുള്ള കിരീടം.

സൂപ്പർ താരങ്ങൾ അടങ്ങിയ നിരയായിട്ട് കൂടി ഗണ്ണേഴ്‌സിന്റെ പ്രതിരോധം ഭേദിക്കാൻ കഴിയാത്തിടത്താണ് സിറ്റിക്ക് പരാജയമറിഞ്ഞത്. മത്സരത്തിന്റെ പത്തൊമ്പതാം മിനുട്ടിൽ ആണ് ആഴ്‌സണൽ ആദ്യഗോൾ നേടിയത്. നിക്കോളാസ് പെപെയുടെ അളന്നു മുറിച്ച ക്രോസിന് കാൽവെക്കേണ്ട താമസമേ ഓബമയാങ്ങിനുണ്ടായിരുന്നോള്ളൂ. ഈ ഗോളിന്റെ ബലത്തിൽ ആദ്യപകുതിയിൽ കളം വിട്ട ആഴ്‌സണലിന് എഴുപത്തിയൊന്നാം മിനുട്ടിൽ ഒബമയാങ് രണ്ടാം ഗോളും നേടിക്കൊടുത്തു. കീരൻ ടീർനിയുടെ പാസ്സ് സ്വീകരിച്ച ഒബമയാങ് ഗോൾകീപ്പറുടെ കാലിനിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ പത്താമതുള്ള ആഴ്‌സണലിന് ഏറെ ആശ്വാസകരമാണ് ഈ ഫൈനൽ പ്രവേശനം. അതേസമയം രണ്ടാം സെമി ഫൈനലിൽ ചെൽസിയെ യുണൈറ്റഡ് നേരിടും.

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *