പെനാൽറ്റി ഗോളുകൾ, വിമർശകർക്ക് മറുപടിയുമായി ബ്രൂണോ ഫെർണാണ്ടസ് !

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ സ്പോർട്ടിങ്ങിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം വളരെ വലിയ തോതിലുള്ള ഇമ്പാക്ട് ആണ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് ഉണ്ടാക്കിയിട്ടുള്ളത്. യുണൈറ്റഡിനെ പലപ്പോഴും രക്ഷിക്കാനും വിജയങ്ങൾ എത്തിപ്പിടിക്കാനും ബ്രൂണോ വളരെയധികം സഹായിക്കാറുണ്ട്. ഈ സീസണിൽ എല്ലാ കോമ്പിറ്റീഷനുകളിലുമായി 15 ഗോളുകളും 9 അസിസ്റ്റുകളും താരം സ്വന്തം പേരിലാക്കി കഴിഞ്ഞു. എന്നാൽ താരത്തിന്റെ വിരോധികളും വിമർശകരും പ്രധാനമായും ഉയർത്തി കാട്ടുന്ന കാര്യം താരം പെനാൽറ്റികളിൽ നിന്നാണ് ഗോളുകൾ നേടുന്നത് എന്നാണ്. ഈ സീസണിൽ 7 ഗോളുകൾ താരം പെനാൽറ്റിയിൽ നിന്നാണ് നേടിയത്. താരം അവസാനം കളിച്ച 48 മത്സരങ്ങളിൽ നിന്ന് 15 പെനാൽറ്റി ഗോളുകൾ താരം നേടിയിട്ടുണ്ട്. എന്നാൽ ഇത് തന്റെ ജോലിയാണെന്നും താൻ അതാണ് ചെയ്യുന്നത് എന്നുമാണ് ഇതേകുറിച്ച് ബ്രൂണോ പറഞ്ഞത്. വിമർശകരെ താൻ കാര്യമാക്കുന്നില്ലെന്നും ബ്രൂണോ അറിയിച്ചു.

” ഞാൻ അവരെ കേൾക്കുകയോ ശ്രദ്ധിക്കുകയോ ഇല്ല. ജനങ്ങൾ പറയുന്നത് ഞാൻ കാര്യമായി എടുക്കുന്നേയില്ല.ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നെ സംബന്ധിച്ചെടുത്തോളം ഞങ്ങൾക്ക്‌ ഒരു പെനാൽറ്റി ലഭിച്ചാൽ അത്‌ ലക്ഷ്യത്തിൽ എത്തിക്കുക എന്നുള്ളത് എന്റെ ജോലിയാണ്. അതാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഒരു ദിവസം വാർത്തയിൽ ശ്രദ്ദിച്ചു.. റഹീം സ്റ്റെർലിംഗ് അദ്ദേഹത്തിന്റെ അവസാനമൂന്ന് പെനാൽറ്റികൾ പാഴാക്കി എന്ന്. അതിൽ നിന്ന് മനസിലാക്കാം പെനാൽറ്റി എളുപ്പമുള്ള കാര്യമല്ല എന്ന്. അതിനർത്ഥം റഹീം സ്റ്റെർലിംഗ് ഒരു നല്ല പെനാൽറ്റി ടേക്കർ അല്ല എന്നല്ല. ഇത് സംഭവിച്ചേക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആളുകൾ പറയുന്നതൊന്നും വക വെക്കാതെ പെനാൽറ്റികൾ ലഭിച്ചാൽ അത്‌ ഗോളാക്കുക എന്നതാണ്. പെനാൽറ്റികൾ എന്നത് മത്സരത്തിന്റെ ഭാഗമാണ് എന്ന് ആളുകൾ തന്നെ പറയുന്ന ഒരു ദിവസം വരും ” ബ്രൂണോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *