പെട്ടന്നൊരു ദിവസം ക്രിസ്റ്റ്യാനോക്ക് ബ്രസീലിൽ കളിക്കാൻ തോന്നിയാലോ? താരത്തിന് മുന്നിൽ വാതിലുകൾ തുറന്നിട്ട് ബ്രസീലിയൻ വമ്പൻമാർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ സാഗക്ക് ഇതുവരെ വിരാമമായിട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കണമെന്നുള്ള നിലപാടിൽ നിന്നും റൊണാൾഡോ ഇതുവരെ പിന്മാറിയിട്ടില്ല. പക്ഷേ ഒരു അനുയോജ്യമായ ക്ലബ്ബ് കണ്ടെത്താൻ കഴിയാത്തതും റൊണാൾഡോയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയേൽപ്പിക്കുന്ന കാര്യമാണ്.

ഇപ്പോഴിതാ ബ്രസീലിയൻ വമ്പൻമാരായ കൊറിന്ത്യൻസ് താരത്തിനു മുന്നിൽ തങ്ങളുടെ വാതിലുകൾ തുറന്നിട്ടുണ്ട്. റൊണാൾഡോയെ ടീമിലെത്തിക്കാൻ തങ്ങൾക്ക് താല്പര്യമുണ്ട് എന്നുള്ള കാര്യം കൊറിന്ത്യൻസിന്റെ പ്രസിഡന്റായ മോന്റെയ്റോ ആൽവസ് പരസ്യമായി പറയുകയായിരുന്നു.ക്രിസ്റ്റ്യാനോക്ക് പെട്ടന്ന് ബ്രസീലിൽ കളിക്കാൻ ആഗ്രഹം തോന്നുന്നത് സങ്കൽപ്പിച്ചു നോക്കൂ എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ആൽവസിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഞാൻ വലിയ വലിയ സ്വപ്നങ്ങൾ കാണുന്ന ആളാണ്. കാരണം ഞങ്ങൾ കൊറിന്ത്യൻസാണ്. സൂപ്പർ താരങ്ങളായ വില്യനും റെനാറ്റോ അഗുസ്റ്റോയും ഇവിടെ ഉണ്ടല്ലോ.ഫുട്ബോളിൽ എല്ലാം സാധ്യമാണ്.തീർച്ചയായും കൊറിന്ത്യൻസിന് വേണ്ടി ഞാൻ സാധ്യമായത് എന്തും ചെയ്യും.റൊണാൾഡോയെ എത്തിക്കൽ സാധ്യമാണോ എന്നെനിക്കറിയില്ല.ഞങ്ങൾ ഇതുവരെ ശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല. പക്ഷേ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പെട്ടെന്ന് ഒരു ദിവസം റൊണാൾഡോ ബ്രസീലിൽ കളിക്കാൻ ആഗ്രഹം തോന്നുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ ” ഇതാണ് കൊറിന്ത്യൻസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

അതേസമയം റൊണാൾഡോ ബ്രസീലിയൻ ക്ലബ്ബുകളെ പരിഗണിക്കാൻ യാതൊരുവിധ സാധ്യതകളും അവശേഷിക്കുന്നില്ല. എന്തെന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നുള്ളതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *