പിക്വെക്ക് പകരക്കാരനാവാൻ സിറ്റിയുവതാരം, ക്ലബിൽ എത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ച് ബാഴ്സ !

മുൻ ബാഴ്സലോണ താരവും നിലവിൽ മാഞ്ചസ്റ്റർ സിറ്റി താരവുമായ എറിക് ഗാർഷ്യക്ക് പിന്നാലെയാണ് നിലവിൽ എഫ്സി ബാഴ്സലോണ. താരത്തെ തിരികെ ക്ലബിൽ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തുന്നത്. വരുന്ന ട്രാൻസ്ഫർവിൻഡോയിൽ ബാഴ്സലോണയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് എറിക് ഗാർഷ്യയാണ് എന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്. ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഈ വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ബാഴ്സ പ്രതിരോധനിര താരം ജെറാർഡ് പിക്വെയുടെ പകരക്കാരനായിട്ടാണ് താരത്തെ ബാഴ്സ ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് സൺ പറയുന്നത്. താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും താരത്തിന് നല്ലൊരു സാലറി തന്നെ ബാഴ്സ ഓഫർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മുപ്പത്തിമൂന്നുകാരനായ പിക്വെക്ക് 2022 വരെയാണ് ബാഴ്സയിൽ കരാറുള്ളത്. താരത്തിന് ഒരു ബാക്കപ്പ് എന്ന രീതിയിലാണ് എറിക് ഗാർഷ്യയെ ബാഴ്സ കണ്ടു വെച്ചിട്ടുള്ളത്. 2008 മുതലായിരുന്നു ഗാർഷ്യ ബാഴ്സ യൂത്ത് ടീമിൽ കളിച്ചു തുടങ്ങിയത്. ഏകദേശം പത്ത് വർഷത്തിനടുത്ത് ലാ മാസിയയിൽ കളിച്ചതിന് ശേഷം താരം 2017-ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് ഈ സീസണിൽ താരത്തിന് സിറ്റിയുടെ ആദ്യപതിനൊന്നിൽ സ്ഥാനം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ വിജയം കൈവരിച്ചതിന് ശേഷം താരത്തെ പുകഴ്ത്തി കൊണ്ട് പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത് വന്നിരുന്നു. എന്നാൽ താരത്തിന് തന്റെ ജന്മദേശത്തേക്ക് തന്നെ മടങ്ങിപോവാൻ ആഗ്രഹമുണ്ട്. പക്ഷെ താരം മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് പ്രസ്താവിച്ചു കൊണ്ട് താരത്തെ കൈവിടാൻ താല്പര്യമില്ലെന്ന് പെപ് വ്യക്തമാക്കിയിരുന്നു. ഏതായാലും താരത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ.

Leave a Reply

Your email address will not be published. Required fields are marked *