പിഎസ്ജിയുടെ അടുത്ത ലക്ഷ്യം റാഷ്ഫോർഡ്, പ്രതീക്ഷിക്കപ്പെടുന്നത് വമ്പൻ തുക

നിലവിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് മാർക്കസ് റാഷ്ഫോർഡ്. ഈ സീസണിൽ മുപ്പത്തിയെട്ട് മത്സരങ്ങളിൽ നിന്നായി ഇരുപത്തിയൊന്ന് ഗോളുകളും പത്ത് അസിസ്റ്റുകളും താരം ഇത് വരെ നേടികഴിഞ്ഞു. എന്നാലിപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ അടുത്ത പ്രധാനലക്ഷ്യം റാഷ്ഫോർഡാണ് എന്നാണ്. ഇംഗ്ലീഷ് മാധ്യമമായ ഇന്റിപെന്റന്റ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തെ ക്ലബിൽ എത്തിക്കാൻ പിഎസ്ജി ശ്രമിക്കുമെന്നാണ് വാർത്തകൾ. പിഎസ്ജി പരിശീലകൻ തോമസ് ടഷേൽ ആണ് താരത്തെ ക്ലബിൽ എത്തിക്കാൻ അധികൃതരോട് ആവിശ്യപ്പെട്ടിട്ടുള്ളത്. ഇരുപത്തിരണ്ടുകാരനായ താരത്തെ ക്ലബിൽ എത്തിച്ച് ദീർഘകാലം ക്ലബിനൊപ്പം നിലനിർത്താൻ ആം ടഷേലിന്റെ ആഗ്രഹം.മാഞ്ചസ്റ്റർ യൂണൈറ്റഡിലൂടെ വളർന്ന താരം ഇരുന്നൂറിൽ പരം മത്സരങ്ങൾ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുണ്ട്.

നൂറ് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചിലവ് വരുമെന്ന് ടഷേൽ പ്രതീക്ഷിക്കുന്നത്. മാത്രമല്ല താരത്തിന് വേണ്ടി ഇത് നൽകാൻ പിഎസ്ജിക്ക് സാധിക്കുമെന്നും ടഷേൽ കരുതുന്നുണ്ട്. നിലവിൽ ക്ലബിന്റെ സൂപ്പർ താരങ്ങളായ കെയ്‌ലിൻ എംബപ്പേയും നെയ്മറും എത്രകാലം ക്ലബിൽ തുടരുമെന്ന് ഒരുറപ്പുമില്ലാത്തതിനാലാണ് ടഷേൽ ഇപ്പോഴേ താരത്തെ ക്ലബിൽ എത്തിക്കാൻ നോക്കുന്നത്. എംബാപ്പെ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റയലിലേക്ക് ചേക്കേറാൻ സാധ്യത വളരെ കൂടുതലാണ്. നെയ്മറാവട്ടെ ബാഴ്‌സയിലേക്കോ അതല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബിലേക്കോ പോവാനും സാധ്യതയുണ്ട്. കവാനി ടീം വിട്ടു കഴിഞ്ഞു. ഡിമരിയയും ഏറെ കാലമൊന്നും പിഎസ്ജിയിൽ ഉണ്ടാവില്ല. ഇകാർഡി മാത്രമാണ് കുറച്ചു കാലമെങ്കിലും ടീമിന്റെ മുന്നേറ്റനിരയിൽ സ്ഥിരസാന്നിധ്യമായി ഉണ്ടാവുമെന്ന് ടഷെൽ വിശ്വസിക്കുന്നത്. ഇതിനാൽ തന്നെ നല്ലൊരു അറ്റാക്കിങ് താരത്തെ ക്ലബിന് വേണമെന്ന് പരിശീലകൻ അധികൃതരെ ബോധ്യപ്പെടുത്തി കഴിഞ്ഞു. ആ സ്ഥാനത്തേക്കാണ് റാഷ്ഫോർഡ് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത്. ഏതായാലും ഇനിയുള്ള ട്രാൻസ്ഫർ വാർത്തകളിൽ റാഷ്ഫോർഡ് വാർത്തയും നിറഞ്ഞു നിൽക്കും അതേസമയം കഴിഞ്ഞ ട്രാൻസ്ഫറിൽ താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്സ വിഫലശ്രമങ്ങൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *