പരിക്ക്, യുണൈറ്റഡ് സൂപ്പർ താരത്തിന് മാഞ്ചസ്റ്റർ ഡെർബി നഷ്ടമാവാൻ സാധ്യത!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. അറ്റലാന്റയായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകൾ യുണൈറ്റഡിന്റെ രക്ഷക്കെത്തുകയായിരുന്നു.

എന്നാൽ ഈ മത്സരത്തിൽ യുണൈറ്റഡിന് മറ്റൊരു തിരിച്ചടി കൂടി ഏറ്റിട്ടുണ്ട്. എന്തെന്നാൽ പ്രതിരോധനിരയിലെ സൂപ്പർ താരം റാഫേൽ വരാനെ പരിക്ക് മൂലം കളം വിട്ടിരുന്നു.ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലമാണ് താരത്തെ മത്സരത്തിന്റെ 38-ആം മിനുട്ടിൽ പിൻവലിച്ചത്.പകരം മാസോൺ ഗ്രീൻവുഡായിരുന്നു ഇറങ്ങിയിരുന്നത്.



യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിന് വേണ്ടി കളിക്കുന്ന സമയത്ത് വരാനെയെ പരിക്ക് പിടികൂടിയിരുന്നു. അതിൽ മുക്തനായി കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിലാണ് താരം തിരിച്ചെത്തിയത്. എന്നാൽ വരാനെക്ക്‌ വീണ്ടും പരിക്കേറ്റത് യുണൈറ്റഡിന് ആശങ്ക നൽകുന്ന കാര്യമാണ്. പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ പരിശീലകനായ സോൾഷെയർ നൽകിയിട്ടുണ്ട്. അത് ഇങ്ങനെയാണ്.

” വരാനെക്ക്‌ ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ്.അത്കൊണ്ട് തന്നെ എനിക്ക് റിസ്ക്കെടുക്കാൻ താല്പര്യമുണ്ടായിരുന്നില്ല.പ്രാഥമിക നിരീക്ഷണത്തിൽ കാര്യങ്ങൾ നല്ലതായി തോന്നുന്നില്ല.നാളെ ഞങ്ങൾ വീണ്ടും കൂടുതൽ പരിശോധനകൾ നടത്തും ” ഇതാണ് കോച്ച് പറഞ്ഞത്.

ഇനി സിറ്റിയെയാണ് പ്രീമിയർ ലീഗിൽ യുണൈറ്റഡ് നേരിടുക. ഈ ഡെർബി പോരാട്ടത്തിൽ വരാനെ ഉണ്ടാവാൻ സാധ്യത കുറവാണ്.ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു വരാനേ റയലിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *