പതിനെട്ടുകാരന്റെ രക്ഷാപ്രവർത്തനം, യുണൈറ്റഡ് മൂന്നാമത് !

പതിനെട്ടുവയസ്സുകാരൻ മാസോൺ ഗ്രീൻവുഡ് രക്ഷകനായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഇന്നലെ നടന്ന മത്സരത്തിൽ ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് മാഞ്ചെസ്റ്ററിനെ സമനിലയിൽ തളച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ഗ്രീൻവുഡ് നേടിയ ഗോളാണ് യുണൈറ്റഡിന് തുണയായത്. സമനില വഴങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്താൻ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. 37 മത്സരങ്ങളിൽ 67 പോയിന്റ് ആണ് യുണൈറ്റഡിന്റെ സമ്പാദ്യം. ഇത്രയും പോയിന്റുള്ള ചെൽസി നാലാമത് ആണ്. ഇന്നലെ ചെൽസി ലിവർപൂളിനോട് തോറ്റതാണ് യുണൈറ്റഡിന് ഗുണകരമായത്. പക്ഷെ ഇനിയുള്ള മത്സരം യുണൈറ്റഡിനെ വളരെ നിർണായകമാണ്. ലെയ്സെസ്റ്റർ സിറ്റിയെയാണ് അവസാനറൗണ്ട് പോരാട്ടത്തിൽ യുണൈറ്റഡ് നേരിടേണ്ടത്. അഞ്ചാമതുള്ള ലെയ്സെസ്റ്റർ സിറ്റിയെ കീഴടക്കാൻ കഴിഞ്ഞാൽ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിച്ചേക്കും.

വലിയ തോതിലുള്ള വെല്ലുവിളി തന്നെയാണ് വെസ്റ്റ്ഹാമിൽ നിന്നും മാഞ്ചസ്റ്റർ നേരിട്ടത്. പ്രതിരോധത്തിൽ ഊന്നിയ വെസ്റ്റ്ഹാമിന്റെ തന്ത്രങ്ങൾ പലപ്പോഴും യുണൈറ്റഡിന് തലവേദന സൃഷ്ടിച്ചു. കൂടാതെ ഗോൾകീപ്പർ ഫാബിയാൻസ്ക്കിയുടെ തകർപ്പൻ ഫോമും യുണൈറ്റഡിനെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തി. റാഷ്ഫോർഡ്, മാർഷ്യൽ എന്നിവരുടെ ശ്രമങ്ങൾ എല്ലാം തന്നെ ഇദ്ദേഹം വിഫലമാക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ആണ് ആദ്യഗോൾ പിറന്നത്. വെസ്റ്റ്ഹാമിന്റെ ഫ്രീകിക്ക് പോഗ്ബയുടെ കയ്യിൽ തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി അന്റോണിയോ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ 51-ആം മിനിറ്റിൽ ഗ്രീൻവുഡ് ഇതിന് മറുപടി നൽകി. മാർഷ്യലും ഗ്രീൻവുഡും നടത്തിയ മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു. പിന്നീടും ഗോൾ നേടാൻ യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണാനാവാതെ വന്നതോടെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *