പകരക്കാരനായി വന്ന് ഇരട്ടഗോൾ, റെക്കോർഡ്, അവസാനമത്സരം അവിസ്മരണീയമാക്കി അഗ്വേറോ!

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള തന്റെ അവസാനമത്സരം അവിസ്മരണീയമാക്കി സെർജിയോ അഗ്വേറോ. ഇന്നലെ നടന്ന എവെർട്ടണെതിരെ നടന്ന മത്സരത്തിലാണ് 32-കാരനായ അഗ്വേറോ മാന്ത്രികപ്രകടനം നടത്തിയത്.മത്സരത്തിന്റെ 65-ആം മിനിറ്റിൽ പകരക്കാരനായി വന്ന അഗ്വേറോ 71,76 മിനിറ്റുകളിൽ വല ചലിപ്പിക്കുകയായിരുന്നു.രണ്ട് ഗോളിന് വഴിയൊരുക്കിയതും ഫെർണാണ്ടിഞ്ഞോയായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു സിറ്റി എവെർട്ടണെ തകർത്തു വിട്ടത്.

ഈ ഇരട്ടഗോളോട് കൂടി ഒരു റെക്കോർഡ് കൂടി സ്വന്തമാക്കാൻ അഗ്വേറോക്ക് കഴിഞ്ഞു. പ്രീമിയർ ലീഗിൽ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് അഗ്വേറോ സ്വന്തം പേരിൽ കുറിച്ചത്.യുണൈറ്റഡ് ഇതിഹാസം റൂണിയെയാണ് അഗ്വേറോ മറികടന്നത്.183 ഗോളുകളാണ് റൂണി യുണൈറ്റഡിന് വേണ്ടി നേടിയിരുന്നത്. ഇന്നലത്തെ ഇരട്ടഗോളോട് കൂടി 184 പ്രീമിയർ ലീഗ് ഗോളുകൾ നേടാൻ അഗ്വേറോക്ക് സാധിച്ചു. 2011-ൽ താരത്തിന്റെ അരങ്ങേറ്റവും ഇതിനോട് സമാനമായിരുന്നു. സ്വാൻസി സിറ്റിക്കെതിരെ പകരക്കാരനായി കളത്തിലിറങ്ങിയ അഗ്വേറോ ഇരട്ട ഗോളുകൾ നേടിക്കൊണ്ടാണ് കളം ഇട്ടിരുന്നത്. ഇപ്പോഴിതാ തന്റെ അവസാന പ്രീമിയർലീഗ് മത്സരത്തിലും പകരക്കാരനായി വന്നു കൊണ്ട് ഇരട്ട ഗോളുകൾ നേടിയാണ് അഗ്യൂറോ കളം വിടുന്നത്.

പത്ത് വർഷത്തെ ഇതിഹാസതുല്യമായ സിറ്റി കരിയർ ഈ സീസണോട് കൂടി അവസാനിപ്പിക്കുമെന്ന് അഗ്വേറോ അറിയിച്ചിരുന്നു. താരം എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇന്നലത്തെ മത്സരത്തിൽ താരത്തെ ആദരിക്കാനും സിറ്റി മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *