നെയ്മറെ സൈൻ ചെയ്യാനുള്ള അവസരം പ്രീമിയർ ലീഗ് വമ്പന്മാർ വേണ്ടെന്ന് വെച്ചു : മാർക്ക
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരം പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറാണ്. താരത്തെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനമെടുത്തു കഴിഞ്ഞു എന്നുള്ളത് ഒട്ടുമിക്ക ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല താരം ചെൽസിയിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഏതായാലും ട്രാൻസ്ഫർ വിൻഡോക്ക് വിരാമമായതോടെ നെയ്മറുമായി ബന്ധപ്പെട്ട റൂമറുകളും അവസാനിച്ചിട്ടുണ്ട്. എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കഴിഞ്ഞ ദിവസം നെയ്മറുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറെ സ്വന്തമാക്കാനുള്ള അവസരം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ടായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് മാർക്ക കണ്ടെത്തിയിട്ടുള്ളത്.
Report: Manchester City Turned Down Opportunity to Sign PSG Star https://t.co/ysU4oquOOf
— PSG Talk (@PSGTalk) September 2, 2022
നെയ്മറെ ഒഴിവാക്കണമെങ്കിൽ താരത്തിന്റെ ട്രാൻസ്ഫർ ഫീക്കും സാലറിക്കും അനുയോജ്യമായ ഒരു ക്ലബ്ബ് വേണമെന്നുള്ളത് പിഎസ്ജിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ നെയ്മർക്ക് എല്ലാംകൊണ്ടും ഏറ്റവും അനുയോജ്യമായ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയാണ് എന്നായിരുന്നു പിഎസ്ജി വിശ്വസിച്ചിരുന്നത്. അതുകൊണ്ടായിരുന്നു പിഎസ്ജി താരത്തെ സിറ്റിക്ക് ഓഫർ ചെയ്തത്.എന്നാൽ നെയ്മറെ എത്തിക്കാൻ പെപ്പിന് യാതൊരുവിധ പ്ലാനുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല മറ്റൊരു സൂപ്പർതാരം ഹാലണ്ടിനെ സിറ്റി സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഏതായാലും തന്റെ വിമർശകർക്കെല്ലാം മറുപടി നൽകാൻ ഇപ്പോൾ നെയ്മർ ജൂനിയർക്ക് പിഎസ്ജിയിൽ തന്നെ സാധിക്കുന്നുണ്ട്.ലീഗ് വണ്ണിൽ 7 ഗോളുകളും 6 അസിസ്റ്റുകളും നേടിയ ഈ ബ്രസീലിയൻ സൂപ്പർ താരം തന്നെയാണ് ഇക്കാര്യങ്ങളിലെല്ലാം മുന്നിട്ടുനിൽക്കുന്നത്. മാത്രമല്ല യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരവും നെയ്മർ തന്നെയാണ്. ഇനി നെയ്മർ ഈ മികവ് ചാമ്പ്യൻസ് ലീഗിലും തുടരുമെന്നാണ് പിഎസ്ജി ആരാധകർ പ്രതീക്ഷിക്കുന്നത്.