നുണകൾ,കെട്ടുകഥകൾ, ശബ്ദ കോലാഹലങ്ങൾ : മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ടെൻഹാഗ്!
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ബ്രന്റ്ഫോർഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.നിലവിൽ യുണൈറ്റഡ് വളരെ ദയനീയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ ടെൻഹാഗിന്റെ പരിശീലക സ്ഥാനം നഷ്ടമായേക്കും എന്നുള്ള റൂമറുകൾ ഒരുപാട് പ്രചരിച്ചിരുന്നു. കൂടാതെ യുണൈറ്റഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുമുണ്ട്. ഇത് പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ടെൻഹാഗ് രംഗത്ത് വന്നിട്ടുണ്ട്.ഈ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഒരുപാട് നുണകളും കെട്ടുകഥകളുമാണ് നിങ്ങൾ പടച്ചുവിടുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.യുണൈറ്റഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ ശബ്ദ കോലാഹലങ്ങൾ പുറത്തുവരുന്നത് മാധ്യമങ്ങളിൽ നിന്ന് മാത്രമാണ്.നിങ്ങളാണ് ഇതിനെല്ലാം കാരണം. നിങ്ങൾ നുണകൾ പടച്ചുവിടുന്നു, കെട്ടുകഥകൾ പടച്ചുവിടുന്നു, അതെല്ലാം പ്രചരിപ്പിക്കുകയും ചെയ്യുന്നു.ഈ ക്ലബ്ബിൽ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ ഞാൻ എല്ലാ ജേണലിസ്റ്റുകളോടും ഇത് പറഞ്ഞതാണ്.എന്നാൽ നിങ്ങൾ ആരും വിശ്വസിച്ചില്ല. എന്നെ പുറത്താക്കും എന്ന് നിങ്ങളാണ് പറഞ്ഞത്.പക്ഷേ ക്ലബ്ബിന് അകത്ത് കാര്യങ്ങൾ ശാന്തമാണ്. തീർച്ചയായും ഞങ്ങളുടെ പ്രകടനത്തിലും പൊസിഷനിലും ഞങ്ങൾ അസംതൃപ്തരാണ്.ഞങ്ങൾ ഞങ്ങളുടെ പ്ലാനിൽ തന്നെ തുടരുകയാണ്. തീർച്ചയായും ഞങ്ങൾക്ക് സക്സസ് കൈവരിക്കാൻ സാധിക്കും “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ വളരെ മോശം നിലയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.7 മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയങ്ങൾ മാത്രം നേടിയ ക്ലബ്ബ് പതിനാലാം സ്ഥാനത്താണ്.ഈ സീസണിൽ ആകെ കളിച്ച 11 മത്സരങ്ങളിൽ കേവലം മൂന്നെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡ് വിജയിച്ചിട്ടുള്ളത്.