നിരാശ മനസ്സിലാവും,പക്ഷെ CR7-നെ റാൾഫ് നല്ല രീതിയിൽ കൈകാര്യം ചെയ്തു : റിയോ ഫെർഡിനാന്റ്

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ബ്രന്റ്ഫോഡിനെ പരാജയപ്പെടുത്തിയത്.യുണൈറ്റഡിന് വേണ്ടി യുവതാരങ്ങളായ എലാങ്ക,ഗ്രീൻവുഡ്,റാഷ്ഫോർഡ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്.രണ്ട് അസിസ്റ്റുകളുമായി ബ്രൂണോ ഫെർണാണ്ടസും മികച്ചുനിന്നു.

അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നുവെങ്കിലും ഗോളുകളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല.മത്സരത്തിന്റെ 71-ആം മിനുട്ടിൽ താരത്തെ പരിശീലകൻ റാൾഫ് പിൻവലിച്ചിരുന്നു.ഇതിൽ കടുത്ത അസംതൃപ്തിയായിരുന്നു റൊണാൾഡോ പ്രകടിപ്പിച്ചിരുന്നത്.

ഏതായാലും ഈ വിഷയത്തിൽ മുൻ യുണൈറ്റഡ് താരമായ റിയോ ഫെർഡിനാന്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് ക്രിസ്റ്റ്യാനോയുടെ നിരാശ തനിക്ക് മനസ്സിലാകുമെന്നും എന്നാൽ റാൾഫ് ക്രിസ്റ്റ്യാനോയെ നല്ല രൂപത്തിലാണ് കൈകാര്യം ചെയ്തത് എന്നുമാണ് റിയോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും നിങ്ങൾക്കവിടെ ക്രിസ്റ്റ്യാനോയുടെ നിരാശ കാണാൻ സാധിക്കും. എനിക്കത് മനസ്സിലാക്കാൻ സാധിക്കും.പക്ഷെ പരിശീലകൻ റാൾഫ് അതിനെ നല്ല രൂപത്തിൽ കൈകാര്യം ചെയ്തു എന്നാണ് ഞാൻ കരുതുന്നത്.റാൾഫ് ക്രിസ്റ്റ്യാനോയോട് സംസാരിച്ചിട്ടുണ്ട്.തീർച്ചയായും വരാനിരിക്കുന്ന വലിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരിക്കും റാൾഫ് താരത്തോട് പറഞ്ഞിട്ടുണ്ടാവുക.മൂന്ന് ദിവസങ്ങൾക്കുള്ളിൽ നമുക്ക് മത്സരമുണ്ടെന്നും ആ മത്സരത്തിൽ നീ കളിക്കുമെന്നും അവിടെ നിനക്ക് ഗോളുകൾ നേടാനാകുമെന്നുമായിരിക്കും റൊണാൾഡോയെ റാൾഫ് അറിയിച്ചിട്ടുണ്ടാവുക ” ഇതാണ് റിയോ പറഞ്ഞിട്ടുള്ളത്.

പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് യുണൈറ്റഡിന്റെ അവസാന രണ്ട് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. അതിനുശേഷം ഇന്നലെയായിരുന്നു താരം തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *