നിങ്ങൾ ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ടെൻഹാഗിനെതിരെ പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻഹാഗും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പ്രശ്നം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റ ടെൻഹാഗ് റൊണാൾഡോയെ ബെഞ്ചിലിരുത്തുകയായിരുന്നു. ഇതിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ വന്നതോടെ കാര്യങ്ങൾ വഷളായി. പിന്നീട് റൊണാൾഡോക്ക് യുണൈറ്റഡ് വിടേണ്ടി വരുകയായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ പോയിട്ടും ക്ലബ്ബിനകത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ടെൻഹാഗിന് കഴിഞ്ഞിട്ടില്ല.അദ്ദേഹത്തിന് കീഴിൽ ക്ലബ്ബിന് യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയോ പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടിയോ പോരടിക്കാൻ ക്ലബ്ബിന് കഴിയില്ല എന്ന രൂപത്തിലായിരുന്നു ടെൻഹാഗ് സംസാരിച്ചിരുന്നത്. ഇതിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് വന്നിട്ടുണ്ട്.ഒരു പരിശീലകൻ ഒരു കാരണവശാലും ഇങ്ങനെ പറയാൻ പാടില്ല എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.റിയോ ഫെർഡിനാന്റുമായി നടത്തിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ അഭിപ്രായത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാത്തിലും ഒരു റിബിൽഡിങ് ആവശ്യമാണ്.ചാമ്പ്യൻസ് ലീഗ് കിരീടം നേടാനോ പ്രീമിയർ ലീഗ് കിരീടം നേടാനോ പോരടിക്കാൻ കഴിയില്ല എന്നാണ് അവരുടെ പരിശീലകൻ പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ നിങ്ങൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. നമുക്ക് പോരാടാൻ തക്കവണ്ണമുള്ള സ്‌ക്വാഡ് ഇല്ല, എന്നിരുന്നാലും കിരീടങ്ങൾക്ക് വേണ്ടി ശ്രമിക്കും എന്നാണ് പറയേണ്ടത്.മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ അറിയുന്നവർ ഒരുപാട് അതിനകത്തുണ്ട്.റൂഡ് വാൻ നിസ്റ്റൽറൂയി അവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹായം ടെൻഹാഗ് തേടണം. ക്ലബ്ബിന് അറിയാതെ നിങ്ങൾക്ക് ഒരിക്കലും ക്ലബ്ബിന് റീബിൽഡ് ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ടെൻഹാഗ് റൂഡ് പറയുന്നത് കേൾക്കണം “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
അതായത് ടെൻഹാഗിന്റെ കീഴിൽ യുണൈറ്റഡ് യാതൊരുവിധ പുരോഗതിയും ഇല്ല, അത് ഉണ്ടാകണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ നന്നായി അറിയുന്നവരുടെ സഹായം തേടണം എന്നാണ് ക്രിസ്റ്റ്യാനോ നിർദ്ദേശിച്ചിട്ടുള്ളത്.ഈ സീസണിലും മോശം തുടക്കമാണ് യുണൈറ്റഡിന് ലഭിച്ചിട്ടുള്ളത്. മൂന്ന് തോൽവികൾ ഇതിനോടകം വഴങ്ങി കഴിഞ്ഞു.ഇനിയും മോശം പ്രകടനം തുടർന്നാൽ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം നഷ്ടമാവാനുള്ള സാധ്യതകൾ ഏറെയാണ്.