നാണം കെട്ട തോൽവി,ആരാധകരോട് മാപ്പ് പറഞ്ഞ് റാൾഫ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മുപ്പത്തിയേഴാം റൗണ്ട് മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്രയിറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിട്ടത്. ഇതോടെ അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യുണൈറ്റഡിന് സാധിക്കില്ല എന്നുള്ളത് ഉറപ്പായി കഴിയുകയായിരുന്നു.

ഏതായാലും ഈ വമ്പൻ പരാജയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്ക് ആരാധകരോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ആദ്യ മിനുട്ട് മുതൽ അവസാനം മിനിട്ട് വരെ യുണൈറ്റഡ് മോശം പ്രകടനമായിരുന്നുവെന്നും ഇദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്.റാൾഫിന്റെ വാക്കുകൾ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ആദ്യ മിനുട്ട് മുതൽ അവസാന മിനിട്ടുവരെ ഞങ്ങൾ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആരാധകരോട് ക്ഷമ ചോദിക്കാൻ മാത്രമേ ഈ അവസരത്തിൽ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ. മത്സരത്തിലേത് മോശം പ്രകടനവും നാണംകെട്ട തോൽവിയുമായിരുന്നു. അവർക്ക് ഞങ്ങൾ കൂടുതൽ സമയവും സ്പേസും അനുവദിച്ചു. അവരെ തടയാനുള്ള പൊസിഷൻ ഞങ്ങൾക്ക് ലഭിച്ചില്ല.ഗെയിം പ്ലാൻ തികച്ചും വ്യത്യസ്തമായിരുന്നു. അവരിൽ പ്രഷർ ചെലുത്താൻ ഞാൻ താരങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ അവരെ തടയാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇന്ന് ഞങ്ങളെക്കാൾ മികച്ചു നിന്നത് ബ്രയിറ്റൺ തന്നെയാണ് ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.

37 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുള്ള യുണൈറ്റഡ് നിലവിൽ ആറാം സ്ഥാനത്താണ്. ഇനി ക്രിസ്റ്റൽ പാലസിനെതിരെയാണ് യുണൈറ്റഡിന് പ്രീമിയർ ലീഗിൽ അവശേഷിക്കുന്ന ഏക മത്സരം.

Leave a Reply

Your email address will not be published. Required fields are marked *