നന്ദി : ആരാധകർക്ക് ക്രിസ്റ്റ്യാനോയുടെ സന്ദേശം!
കഴിഞ്ഞ സെപ്റ്റംബർ മാസത്തെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് താരത്തിനുള്ള പുരസ്‌കാരം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു നേടിയിരുന്നത്. ഇതിന് പിന്നാലെ സെപ്റ്റംബർ മാസത്തെ ഏറ്റവും മികച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനുള്ള പുരസ്‌കാരവും ക്രിസ്റ്റ്യാനോയെ തേടിയെത്തിയിരുന്നു. പോർച്ചുഗല്ലിനോടൊപ്പമുള്ള ഇന്റർനാഷണൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയ ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരങ്ങൾ കൈപ്പറ്റിയിരുന്നു.
കൂടാതെ ആരാധകർക്ക് നന്ദി പറയാനും റൊണാൾഡോ മറന്നിരുന്നില്ല. തന്റെ സോഷ്യൽ മീഡിയ വഴിയാണ് റൊണാൾഡോ ആരാധകർക്ക് നന്ദി അർപ്പിച്ചത്. ഇരു പുരസ്‌കാരങ്ങളും പിടിച്ചു നിൽക്കുന്ന ചിത്രം പങ്കു വെച്ച് കൊണ്ട് ക്രിസ്റ്റ്യാനോ ക്യാപ്‌ഷനായി നൽകിയിരിക്കുന്നത് ഇങ്ങനെയാണ്. ” പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരങ്ങൾക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ ആരാധകർക്കും നന്ദി ” ഇതായിരുന്നു റൊണാൾഡോ കുറിച്ചിരുന്നത്.
To all the fans who voted for me for Player Of The Month… Thanks, guys! 👏🏽🤜🏽🤛🏽 pic.twitter.com/Nf9wnJzvXq
— Cristiano Ronaldo (@Cristiano) October 14, 2021
സെപ്റ്റംബറിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇരട്ടഗോളുകൾ നേടിക്കൊണ്ടായിരുന്നു റൊണാൾഡോ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരെ റൊണാൾഡോ ഗോൾ നേടി.പിന്നീട് വെസ്റ്റ്ഹാമിനെതിരെയും ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെയും റൊണാൾഡോ ഗോളുകൾ നേടുകയായിരുന്നു. ഇങ്ങനെ സെപ്റ്റംബറിൽ 5 ഗോളുകളായിരുന്നു റൊണാൾഡോയിൽ നിന്നും പിറന്നത്.
ഇനി ലെസ്റ്റർ സിറ്റിക്കെതിരെയാണ് യുണൈറ്റഡിന്റെ മത്സരം.ശനിയാഴ്ച്ച രാത്രി 7:30-ന് ലെസ്റ്ററിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.