തിരിച്ചു വരവിൽ തിളങ്ങാൻ ക്രിസ്റ്റ്യാനോക്കാവുമോ? ബെയ്ൽ പറയുന്നു!

ഒരിടവേളക്ക്‌ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം ക്ലബ്ബിൽ പരിശീലനത്തിന് എത്തിയിരുന്നു. താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വരുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ യുണൈറ്റഡിന് വേണ്ടി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുമ്പ് യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുള്ള റൊണാൾഡോ എൺപതിൽ പരം ഗോളുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം വരവിൽ ക്രിസ്റ്റ്യാനോക്ക്‌ തിളങ്ങാനാവുമോ എന്ന കാര്യത്തിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും റയൽ താരമായ ബെയ്ലിന് അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. റൊണാൾഡോ യുണൈറ്റഡിൽ മിന്നിതിളങ്ങുമെന്ന് തന്നെയാണ് ബെയ്ൽ പറഞ്ഞു വെക്കുന്നത്. റയലിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്നു ബെയ്ൽ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” യുണൈറ്റഡിൽ മികച്ച രൂപത്തിൽ ക്രിസ്റ്റ്യാനോക്ക്‌ കളിക്കാൻ കഴിയുമെന്ന് എനിക്കുറപ്പാണ്.അദ്ദേഹം പ്രീമിയർ ലീഗിൽ അത് മുന്നേ തന്നെ തെളിയിച്ചതാണ്.അത്കൊണ്ട് തന്നെ പ്രീമിയർ ലീഗിനെ അദ്ദേഹത്തിന് മനസ്സിലാവും.ഫുട്ബോളിൽ ഉള്ള എല്ലാ കാര്യവും അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.അദ്ദേഹത്തിന്റെ ഗോൾ നേടാനുള്ള ആ കഴിവ് ഫുട്ബോൾ ലോകത്ത് മറ്റാർക്കുമില്ല.എല്ലാവരെ പോലെയും ഞാനും അദ്ദേഹത്തിന്റെ കാര്യത്തിൽ ആവേശഭരിതനാണ് ” ഇതാണ് ബെയ്ൽ പറഞ്ഞത്.

കഴിഞ്ഞ സീസണിൽ ബെയ്ൽ ലോൺ അടിസ്ഥാനത്തിൽ ടോട്ടൻഹാമിന് വേണ്ടി കളിച്ചിരുന്നു. നിലവിൽ കാർലോ ആഞ്ചലോട്ടിക്ക്‌ കീഴിൽ റയലിൽ തന്നെയാണ് ബെയ്ൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *