താൻ കൂടുമാറുന്നത് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക്, കൂമാന്റെ പ്രിയപ്പെട്ട താരം സഹതാരങ്ങളെ അറിയിച്ചു !

ബാഴ്സയുടെ പുതിയ പരിശീലകനായി എത്തിയ റൊണാൾഡ് കൂമാന് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ഡോണി വാൻ ഡി ബീക്ക്. താരമാണ് കൂമാന്റെ പ്രഥമലക്ഷ്യം എന്നായിരുന്നു സൂചനകൾ. എന്നാൽ താരം ബാഴ്സയുടെ കൈവിട്ടു പോയതയാണ് സൂചനകൾ. അയാക്സിന്റെ ഈ ഡച്ച് മധ്യനിര താരം ഇനി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആയിരിക്കും കൂടുമാറുക. ഇക്കാര്യം താരം തന്നെ അയാക്സിലെ തന്റെ സഹതാരങ്ങളെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടനടി തന്നെ ഔദ്യോഗികസ്ഥിരീകരണം വന്നേക്കും. യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ മധ്യനിരയുടെ കരുത്ത് വർധിപ്പിക്കാനായി ഏറ്റവും കൂടുതൽ നോട്ടമിട്ട താരമായിരുന്നു ഡോണി വാൻ ഡി ബീക്ക്. മാഞ്ചസ്റ്റർ യൂണൈറ്റഡും അയാക്‌സും തമ്മിൽ അനൗദ്യോഗികകരാറിൽ എത്തിയതായി ബിബിസി സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

ബാഴ്‌സയെ കൂടാതെ മറ്റു അനേകം ക്ലബുകൾ നോട്ടമിട്ട താരമാണ് ഡോണി. മുമ്പ് റയൽ മാഡ്രിഡ്‌ താരത്തിന് വേണ്ടി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് അതിൽ പുരോഗതി കണ്ടില്ല. നാല്പത് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിക്കാൻ പോവുന്നത്. ഇരുപത്തിമൂന്നുകാരനായ താരം അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവെക്കുക. ഈ വരുന്ന സീസണിലെ യുണൈറ്റഡിന്റെ ആദ്യമത്സരമായ ക്രിസ്റ്റൽ പാലസിനെതിരെ താരത്തെ ലഭ്യമാവും എന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ പത്തൊൻപതിനാണ് യുണൈറ്റഡിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരം. മുമ്പ് സാഞ്ചോക്ക് വേണ്ടി യുണൈറ്റഡ് കഠിനശ്രമം നടത്തിയിരുന്നുവെങ്കിലും അത്‌ നടക്കാതെ പോവുകയായിരുന്നു. അയാക്സിന്റെ സൗഹൃദമത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഡോണിയെ ഒഴിവാക്കിയിട്ടുണ്ട്. ജർമ്മൻ ക്ലബുകളായ ഐന്ത്രാട്ട് ഫ്രാങ്ക്ഫർട്ട്, യൂണിയൻ ബെർലിൻ എന്നിവർക്കെതിരെയാണ് അയാക്സ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *