തങ്ങളുടെ രണ്ടു താരങ്ങൾക്ക് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭീമൻ ഓഫറുകൾ നിരസിച്ച് അത്ലറ്റിക്കോ മാഡ്രിഡ്!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റ നിരയിൽ മികവുറ്റ താരങ്ങളുടെ ക്ഷാമം നല്ല രൂപത്തിൽ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരുപാട് താരങ്ങളെ യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്. ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിക്ക് വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.

അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സിനെ ലക്ഷ്യം വെച്ചിരുന്നു. മാത്രമല്ല താരത്തിനു വേണ്ടി ഒരു ഭീമൻ ഓഫർ യുണൈറ്റഡ് നൽകുകയും ചെയ്തിട്ടുണ്ട്. 135 മില്യൺ യൂറോയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ ഉടൻതന്നെ അത്ലറ്റിക്കോ മാഡ്രിഡ് ഈ ഓഫർ നിരസിക്കുകയായിരുന്നു.ഫെലിക്സിനെ ഒരു കാരണവശാലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളതാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ നിലപാട്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഫെലിക്സ്. ഗെറ്റാഫക്കെതിരെ മൂന്ന് അസിസ്റ്റുകളായിരുന്നു താരം കരസ്ഥമാക്കിയിരുന്നത്.

അതേസമയം അത്ലറ്റിക്കോ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ മാത്യൂസ് കുഞ്ഞയെ ടീമിൽ എത്തിക്കാനും യുണൈറ്റഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. 50 മില്യൺ യുറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു വേണ്ടി വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ അതും അത്ലറ്റിക്കോ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതിലും കൂടുതലുള്ള ഒരു തുകയാണ് അത്ലറ്റിക്കോ പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന സാലറി ബില്ലുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ക്ലബ്ബ് കൂടിയാണ് അത്ലറ്റിക്കോ. അതുകൊണ്ടുതന്നെ കുഞ്ഞയെ കൈവിടാൻ ഒരുപക്ഷേ അത്ലറ്റിക്കോ തയ്യാറായേക്കും. എന്നാൽ താരത്തിന് വേണ്ടി വലിയൊരു തുക തന്നെയാണ് അത്ലറ്റിക്കോ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *