ഡോക്ടറൊന്നുമല്ല, പ്രീമിയർ ലീഗ് തുടരണം, ക്ലോപിന് പറയാനുള്ളത് ഇങ്ങനെ !

നിലവിൽ കോവിഡ് മഹാമാരി യൂറോപ്പിലുടനീളം രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് പ്രീമിയർ ലീഗിനെ വലിയ തോതിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. നിരവധി മത്സരങ്ങൾ പ്രീമിയർ ലീഗിൽ മാറ്റിവെച്ചിരുന്നു. ന്യൂകാസിൽ -ആസ്റ്റൺ വില്ല, ടോട്ടൻഹാം-ഫുൾഹാം, എവെർട്ടൻ-മാഞ്ചസ്റ്റർ സിറ്റി എന്നീ മത്സരങ്ങൾ എല്ലാം തന്നെ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രീമിയർ ലീഗ് തന്നെ മാറ്റിവെക്കണമെന്ന് ചിലയിടങ്ങളിൽ നിന്ന് ആവിശ്യമുയർന്നിരുന്നു. രണ്ടാഴ്ച്ചകാലത്തേക്ക് എങ്കിലും ലീഗ് നിർത്തിവെക്കണമെന്നാണ് ഇക്കൂട്ടർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഈ വാദത്തോട് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപിന് യോജിപ്പില്ല. പ്രീമിയർ ലീഗ് മാറ്റിവെക്കേണ്ട ആവിശ്യമില്ലെന്നും ജനങ്ങൾ പ്രീമിയർ ലീഗ് കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് ക്ലോപ് അറിയിച്ചത്.

” ഞാൻ ഒരു ഡോക്ടർ ഒന്നുമല്ല. പക്ഷെ പ്രീമിയർ ലീഗ് തുടരാൻ വേണ്ട ഏറ്റവും മികച്ച കാര്യം നമ്മൾ ചെയ്യേണ്ടതുണ്ട്. എനിക്ക് തോന്നുന്നു അത്‌ നല്ല രീതിയിൽ പ്രവർത്തിക്കുമെന്നാണ്. കോവിഡിന്റെ രണ്ടാം വരവ് നടന്നിരിക്കുന്നു എന്നുള്ള കാര്യം എല്ലാവർക്കുമറിയാം. ഒരുപാട് വെല്ലുവിളികൾ നേരിടുന്നുമുണ്ട് എന്നറിയാം. പക്ഷെ ഈ കോമ്പിറ്റീഷൻ മുന്നോട്ട് കൊണ്ട് പോവണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. പ്രീമിയർ ലീഗ് കാണുക എന്നുള്ളത് ആളുകളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട കാര്യമാണ്. മുന്നോട്ട് പോവാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ അധികൃതർ എന്ത് തീരുമാനമെടുത്താലും ഞാൻ അതിനെ ബഹുമാനിക്കും ” ക്ലോപ് പറഞ്ഞു. നിലവിൽ ലിവർപൂളാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *