ഡേവിഡ് ലൂയിസിനെ പറഞ്ഞു വിടുമോ? തീരുമാനമെടുത്ത് ആഴ്‌സണൽ

ആഴ്‌സണലിന്റെ ബ്രസീലിയൻ ഡിഫൻഡർ ഡേവിഡ് ലൂയിസിനെ ആഴ്‌സണൽ കൈവിടുമെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ആഴ്‌സണലിലെത്തിയ താരം ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കാനിരിക്കുകയായിരുന്നു. തുടക്കത്തിൽ താരത്തെ ആഴ്‌സണൽ നിലനിർത്തില്ല എന്ന വാർത്തകളൊക്കെ പരന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഒരു ഔദ്യോഗികസ്ഥിരീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗണ്ണേഴ്‌സ്‌. താരം അടുത്ത സീസൺ കൂടി ആഴ്‌സണലിൽ തുടരുമെന്ന് ക്ലബ്‌ അറിയിച്ചു. താരത്തിന്റെ കരാർ 2021 വരെ ക്ലബ്‌ നീട്ടിയേക്കും. താരത്തിന്റേത് കൂടാതെ മൂന്നു താരങ്ങളുടെ ഭാവിയെ കുറിച്ചും ആഴ്‌സണൽ തീരുമാനമെടുത്തിട്ടുണ്ട്.

ഡാനി സെബയോസ്, പാബ്ലോ മറി, സെഡ്രിക് സോറെസ് എന്നിവരുടെ കരാറുകളും നീട്ടാൻ ആഴ്‌സണൽ തീരുമാനിച്ചിട്ടുണ്ട്.മറി, സെഡ്രിക് എന്നിവരുടെ കരാർ നാല് വർഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. റയലിൽ നിന്ന് ലോണിൽ എത്തിയ സെബയോസിന്റെ കാലാവധി തീരാനിരിക്കുകയാണ്. എന്നാൽ താരത്തിന്റെ കരാർ നീട്ടാനാണ് ആഴ്‌സണൽ തീരുമാനമെടുത്തിരിക്കുന്നത്. ഡേവിഡ് ലൂയിസിനെ കുറിച്ച് ടെക്നിക്കൽ ഡയറക്ടർ എഡു പറയുന്നത് ഇങ്ങനെയാണ്. ” തീർച്ചയായും ഡേവിഡ് ഞങ്ങൾക്ക് പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ്. ഈ സീസണിലെ മിക്ക മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ടീമിനെ വേണ്ടപ്പെട്ട ഒരു താരം തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാസിംഗ്, കളിക്കളത്തിലുള്ള ആശയവിനിമയങ്ങൾ എല്ലാം തന്നെ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *