ഡി യോങ് ബാഴ്സ വിടുകയാണോ? സാവി പറയുന്നു!

എഫ്സി ബാഴ്സലോണയുടെ മധ്യനിരയിൽ സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്ങിനെ ക്ലബ് കൈവിടുമെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ സജീവമാണ്.60 മില്യൺ യുറോ ലഭിക്കുകയാണെങ്കിൽ താരത്തെ വിൽക്കാൻ ബാഴ്സ സജ്ജമാണ് എന്നാണ് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗാണ് ഇപ്പോൾ ഡി യോങ്ങിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ഏതായാലും ഈ ട്രാൻസ്ഫർ റൂമറുകളോട് ബാഴ്സയുടെ പരിശീലകനായ സാവി ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.അതായത് ഡി യോങ് തന്റെ വളരെ പ്രധാനപ്പെട്ട താരമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാവി നിലനിൽക്കുന്നത് ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതിയെ ആശ്രയിച്ചാണ് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. നല്ല ഒരു തുക ലഭിച്ചാൽ അദ്ദേഹത്തെ ബാഴ്സ കൈവിടുമെന്നുള്ള സൂചനകളാണ് ഇപ്പോൾ സാവി നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഡി യോങ് വളരെ പ്രധാനപ്പെട്ട ഒരു താരമാണ്.എന്നോടൊപ്പം അദ്ദേഹം എപ്പോഴും ഒരു സ്റ്റാർട്ടറായിരിക്കും. പക്ഷേ ഇതെല്ലാം നിലനിൽക്കുന്നത് ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിച്ചാണ്. അദ്ദേഹത്തിന് ഇവിടെ ചരിത്രം തന്നെ കുറിക്കാൻ സാധിക്കും.ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ ഭാവിയിൽ എന്ത് സംഭവിക്കുമെന്നുള്ളത് കാത്തിരുന്നു കാണാം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

2019-ൽ ഡച്ച് ക്ലബായ അയാക്സിൽ നിന്നായിരുന്നു ഡി യോങ് ബാഴ്സയിൽ എത്തിയത്.ഈ സീസണിൽ ആകെ 45 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *