ഡി മരിയക്ക് പകരം ബ്രസീലിയൻ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ PSG!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ പിഎസ്ജി വിടുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. ഈ വരുന്ന ജൂൺ 30-നാണ് ഡി മരിയയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്നത്. താരം വരുന്ന സമ്മറിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.ഡി മരിയക്ക് പിഎസ്ജി തങ്ങളുടെ യാത്രയപ്പ് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നൽകുകയും ചെയ്തിരുന്നു.

ഏതായാലും ഡി മരിയ പോവുന്ന ഒഴിവിലേക്ക് മറ്റൊരു താരത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. ഇപ്പോഴിതാ എവെർട്ടണിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസണെ പിഎസ്ജി ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡൈലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ റിച്ചാർലീസണ് 2024 വരെയാണ് കരാറുള്ളത്. പക്ഷേ ഇപ്പോൾ എവെർടൺ ഒരു പ്രതിസന്ധി ഘട്ടത്തിൽ ആയതിനാൽ താരത്തെ കൈവിടാൻ തയ്യാറായേക്കും. 50 മില്യൺ പൗണ്ട് ഈ 25 കാരനായ താരത്തിന് വേണ്ടി എവെർടൺ ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 11 ഗോളുകളും 5 അസിസ്റ്റുകളും റിച്ചാർലീസൺ കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം എളുപ്പമുള്ള ഒരു കാര്യമാവില്ല. കാരണം പല വമ്പൻ ക്ലബ്ബുകളും ഈ ബ്രസീലിയൻ സൂപ്പർ താരത്തിൽ ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ,മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം എന്നിവർക്കൊക്കെ താരത്തിൽ താൽപര്യമുണ്ട് എന്നുള്ളതാണ് ഡെയിലി മെയിലിന്റെ കണ്ടെത്തൽ. ഏതായാലും വരുന്ന വേൾഡ് കപ്പിന് മുന്നേ റിച്ചാർലീസൺ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *