ഡി ബ്രൂയിനയുടെ സ്ഥാനത്ത് കളിക്കണം, പെനാൽറ്റി എടുക്കണം ; ആഗ്രഹങ്ങൾ പ്രകടിപ്പിച്ച് എഡേഴ്‌സൺ!

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്‌സൺ ബോക്സിന് വെളിയിലേക്ക് വന്നു കൊണ്ട് കളിക്കുന്ന കാഴ്ച്ചക്ക്‌ പലപ്പോഴും ഫുട്ബോൾ ആരാധകർ സാക്ഷിയായിട്ടുണ്ട്. താരം ഇങ്ങനെ കളിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളത് വ്യക്തമായ കാര്യമാണ്. ഗോൾകീപ്പർമാർ മറ്റു പൊസിഷനിൽ കളിച്ച ചരിത്രമുള്ള ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി.2005-ൽ മിഡിൽസ്‌ബ്രോക്കെതിരെയുള്ള മത്സരത്തിൽ ഗോൾകീപ്പറായ ഡേവിഡ് ജെയിംസ് പകരക്കാരനായി വന്നു കൊണ്ട് സ്ട്രൈക്കറായി കളിച്ചിരുന്നു. അങ്ങനെ കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഡി ബ്രൂയിനെ പോലെ മിഡ്‌ഫീൽഡറായി കളിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ എഡേഴ്‌സൺ.കൂടാതെ എന്നെങ്കിലും പെനാൽറ്റി എടുക്കാൻ അവസരം കിട്ടുമെന്നുള്ള പ്രതീക്ഷയും എഡേഴ്‌സൺ വെച്ച് പുലർത്തുന്നുണ്ട്. ഗോൾ ഡോട്ട് കോമാണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” എനിക്ക് മറ്റൊരു പൊസിഷനിൽ കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ സ്ട്രൈക്കർ സ്ഥാനം തിരഞ്ഞെടുക്കുകയില്ല.മറിച്ച് ഒരു മിഡ്‌ഫീൽഡറായി കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.കെവിൻ ഡിബ്രൂയിനയുടെ പൊസിഷനാണ് എനിക്കിഷ്ടം.എന്നെ ആരെങ്കിലും കളിക്കാൻ തിരഞ്ഞെടുത്താൽ ഞാൻ ഡി ബ്രൂയിനയെ മാറ്റി കൊണ്ട് ആ സ്ഥാനത്തായിരിക്കും കളിക്കുക.അത് മാറ്റങ്ങളൊന്നും വരുത്തി വെക്കില്ല ” ഇതാണ് തമാശ രൂപേണ എഡേഴ്‌സൺ പറഞ്ഞിട്ടുള്ളത്.

അതേസമയം പെനാൽറ്റി എടുക്കാൻ അവസരം ലഭിച്ചാൽ ഏത് രൂപത്തിൽ എടുക്കുമെന്നുള്ളതിനും താരം മറുപടി നൽകിയിട്ടുണ്ട്. ” അതേകുറിച്ച് എനിക്കിപ്പോൾ പറയാൻ കഴിയില്ല.അത് മത്സരത്തെ ആശ്രയിച്ചിരിക്കും.മത്സരം ഗോൾരഹിത സമനിലയിലാണെങ്കിൽ പെനാൽറ്റി എടുക്കുമ്പോൾ സമ്മർദ്ദം വർധിക്കും.അതേസമയം മൂന്ന് ഗോളുകൾക്ക്‌ വിജയിച്ചു നിൽക്കുന്ന സമയമാണെങ്കിൽ റിലാക്സ് ആയി പെനാൽറ്റി എടുക്കാം.എന്നിരുന്നാലും എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല.ഞാൻ ഇതുവരെ പെനാൽറ്റി എടുത്തിട്ടില്ല.ഒരു ദിവസം എടുക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അപ്പോൾ നിങ്ങൾക്കത് കാണാൻ സാധിച്ചേക്കും ” എഡേഴ്‌സൺ പറഞ്ഞു. പ്രീമിയർ ലീഗിലെ വിലക്ക് കാരണം വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ ടീമിനൊപ്പം ചേരാൻ താരത്തിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *