ഡി ബ്രൂയിനയുടെ പകരക്കാരനാവാൻ പക്കേറ്റ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബേൺലിയെ അവർ പരാജയപ്പെടുത്തിയത്. എന്നാൽ ഈ മത്സരത്തിനിടെ സിറ്റിയുടെ നിർണായക താരമായ കെവിൻ ഡി ബ്രൂയിനക്ക് പരിക്കേറ്റിരുന്നു.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ് എന്നുള്ളത് പരിശീലകനായ പെപ് ഗാർഡിയോള കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതായത് നാലുമാസം ഡി ബ്രൂയിന പുറത്തിരിക്കേണ്ടിവരും.ഈ സീസണിന്റെ പകുതിയോളം അദ്ദേഹത്തിന് നഷ്ടമാകും. അടുത്ത വർഷമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുക.സിറ്റിയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ നാൽപ്പതിന് മുകളിൽ ഗോളുകളിൽ പങ്കാളിത്തം വഹിച്ച താരമാണ് ഡി ബ്രൂയിന. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിടവ് നികത്തുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ സൂപ്പർ താരമായ ഗുണ്ടോഗനെ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ മധ്യനിരയിലേക്ക് ഒരു മികച്ച താരത്തെ സിറ്റിക്ക് അത്യാവശ്യമായിട്ടുണ്ട്.പെപ് ഗാർഡിയോള ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ബ്രസീലിയൻ സൂപ്പർതാരമായ ലുകാസ് പക്കേറ്റയെയാണ്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ താരമാണ് പക്കേറ്റ.പെപ് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം.

താരത്തിനുവേണ്ടി 70 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ സിറ്റി നൽകിയിരുന്നു. എന്നാൽ അത് വെസ്റ്റ് ഹാം സ്വീകരിച്ചിട്ടില്ല. ഈ ബ്രസീലിയൻ താരത്തിന് വേണ്ടി 95 മില്യൺ പൗണ്ട് എങ്കിലും ലഭിക്കണമെന്ന നിലപാടിലാണ് ക്ലബ്ബ് ഉള്ളത്. ഏതായാലും ഡി ബ്രൂയിനയുടെ പകരക്കാരനായി കൊണ്ട് പക്കേറ്റയെ എത്തിക്കാൻ തന്നെയാണ് പരിശീലകൻ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *