ഡാർവിൻ നുനെസ് ഏത് ക്ലബ്ബിലേക്ക് ചേക്കേറണം? ഫോർലാന്റെ ഉപദേശം ഇങ്ങനെ!

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ബെൻഫിക്കയുടെ ഉറുഗ്വൻ സൂപ്പർതാരമായ ഡാർവിൻ നുനെസ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച 40 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടാൻ നുനെസിന് സാധിച്ചിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ ക്വാർട്ടറിൽ എത്തിക്കുന്നത് മുഖ്യ പങ്കുവഹിച്ചത് നുനെസായിരുന്നു.

അതുകൊണ്ടുതന്നെ നിരവധി ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ വേണ്ടി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരൊക്കെ താരത്തെ ലക്ഷ്യമിട്ട ക്ലബ്ബുകളാണ്. എന്നാലിപ്പോൾ താരത്തോട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ നിർദേശിച്ചിരിക്കുകയാണ് ഉറുഗ്വയുടെ ഇതിഹാസ താരമായ ഡിയഗോ ഫോർലാൻ. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ മികച്ച ഒരു താരം തന്നെയാണ് ഡാർവിൻ നുനെസ്.ബെൻഫിക്കക്ക് വേണ്ടി മികച്ച പ്രകടനം നടത്തി ഈ സീസൺ ആസ്വദിക്കുകയാണ് അദ്ദേഹം.പോർച്ചുഗീസ് ലീഗിൽ മാത്രമല്ല, ചാമ്പ്യൻസ് ലീഗിലും അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറ് ഗോളുകൾ നേടിക്കൊണ്ട് ബെൻഫികയെ ക്വാർട്ടറിൽ എത്താൻ സഹായിച്ചത് അദ്ദേഹമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുയോജ്യമായ ഒരു താരമാണ് അദ്ദേഹം. പക്ഷേ എല്ലാവരും ക്ഷമ കാണിക്കേണ്ടതുണ്ട്. കൂടുതൽ അനുഭവസമ്പത്ത് കൈവരിച്ചുകൊണ്ട് അദ്ദേഹം ഇനിയും മികവിലേക്ക് ഉയരേണ്ടതുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ ടീമിൽ എത്തിക്കുകയാണെങ്കിൽ അത് മോശം കാര്യമായിരിക്കില്ല. നിങ്ങൾക്ക് ആവശ്യമായ സമയം അനുവദിച്ചു തരുന്ന ക്ലബ്ബാണ് യുണൈറ്റഡ്. അതുകൊണ്ടുതന്നെ യൂണൈറ്റഡ് നിങ്ങൾക്ക് കംഫർട്ടബിളായി അനുഭവപ്പെടും. അദ്ദേഹം യുണൈറ്റഡിന് വേണ്ടി കളിക്കുകയാണെങ്കിൽ അതൊരു മികച്ച കാര്യമായിരിക്കും” ഇതാണ് ഫോർലാൻ പറഞ്ഞത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി രണ്ടുവർഷം കളിച്ച താരമാണ് ഫോർലാൻ. 2010 വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ഗോൾഡൻ ബോളും ഫോർലാനായിരുന്നു സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *