ട്രോഫി ഉയർത്താൻ വിസമ്മതിച്ചു,കയ്യടി നേടി ഹാരി കെയ്ൻ!

ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് സാധിച്ചിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു അവർ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്.ഉപമെക്കാനോ,ഗ്നബ്രി,മുള്ളർ എന്നിവരാണ് ഈ ജർമൻ ക്ലബ്ബിന് വേണ്ടി ഗോളുകൾ നേടിയത്.ടോട്ടൻഹാമിന്റെ രണ്ട് ഗോളുകളും കുലുസെവ്സ്ക്കിയുടെ വകയായിരുന്നു.

ഈ സൗഹൃദ മത്സരത്തിൽ വിജയിച്ച ടീമിന് ഒരു കിരീടം ഉണ്ടായിരുന്നു.മാൾട്ട കപ്പ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.മത്സരത്തിനുശേഷം ഈ കിരീടം ഉയർത്താൻ വേണ്ടി ബയേൺ ക്യാപ്റ്റനായ ഹാരി കെയ്നിനെ ക്ഷണിക്കുകയായിരുന്നു. എന്നാൽ താരം കിരീടം ഉയർത്താൻ നിരസിച്ചു. പിന്നീട് മറ്റൊരു താരമാണ് അത് ഏറ്റുവാങ്ങിയത്.

ഇതിന്റെ കാരണം മറ്റൊന്നുമല്ല, തന്റെ മുൻ ക്ലബ്ബിനെതിരെ അവരുടെ മൈതാനത്ത് വച്ചുകൊണ്ട് അവരുടെ ആരാധകർക്ക് മുന്നിൽ കിരീടം ഉയർത്താൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. ഒരുപാട് കാലം ടോട്ടൻഹാമിന് വേണ്ടി കളിച്ച താരമാണ് കെയ്ൻ. തന്റെ മുൻ ക്ലബ്ബിനോടുള്ള ബഹുമാനാർത്ഥമാണ് ഈ കിരീടം ഉയർത്തുന്നത് വേണ്ട എന്ന് വെച്ചത്.

താരത്തിന്റെ ഈ പ്രവർത്തി വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.ടോട്ടൻഹാമിനോടൊപ്പം കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്ത താരമാണ് കെയ്ൻ.മാത്രമല്ല തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ തന്നെ ഒരു കിരീടം പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ സമ്മറിൽ ആയിരുന്നു അദ്ദേഹം ബയേണിൽ എത്തിയത്.അവിടെയും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.ഇത്തവണ അതിന് അറുതി വരുത്താൻ കഴിയും എന്നാണ് താരം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *