ടെൻ ഹാഗിന് കീഴിൽ റൊണാൾഡോയെ കാത്തിരിക്കുന്നത് പുതിയ ഉത്തരവാദിത്വം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗ് ഈയിടെ ചുമതലയേറ്റിരുന്നു. തകർന്നടിഞ്ഞു നിൽക്കുന്ന യുണൈറ്റഡിനെ പുനർനിർമ്മിക്കുക എന്നുള്ള ഉത്തരവാദിത്വമാണ് ടെൻ ഹാഗിന് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ടീമിൽ വലിയ അഴിച്ചുപണികൾക്കുള്ള സാധ്യതകൾ ഇപ്പോൾ കാണുന്നുണ്ട്.

ഏതായാലും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമാവും. അതിൽ ഒരു താരമാണ് ഗോൾകീപ്പറായ ലീ ഗ്രാന്റ്.39-കാരനായ താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ പോൾ പോഗ്ബ,യുവാൻ മാറ്റ,ജെസെ ലിംഗാർഡ്,എഡിൻസൺ കവാനി എന്നിവരും ഈ സമ്മറിൽ ക്ലബ്ബ് വിടും. ചുരുക്കത്തിൽ ഇത്രയധികം പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവം യുണൈറ്റഡിന് തിരിച്ചടിയാണ്.

തിരിച്ചടികൾക്കിടയിലും യുണൈറ്റഡിന്റെ ഡ്രസിങ് റൂമിനെ പ്രചോദിപ്പിച്ചും എന്റർടൈൻ ചെയ്യിപ്പിച്ചും മുന്നോട്ട് കൊണ്ടു പോയിരുന്നത് ഗ്രാന്റിനെ പോലെയുള്ള താരങ്ങളായിരുന്നു. ഈ താരങ്ങളുടെയെല്ലാം അഭാവം ഡ്രസിങ് റൂമിൽ നികത്താൻ ടെൻഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഗോൾകീപ്പറായ ഡേവിഡ് ഡിഹിയയേയും നിയോഗിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രോജക്റ്റിന്റെ ഭാഗമാണ് എന്നുള്ളത് നേരത്തെ തന്നെ ടെൻ ഹാഗ് അറിയിച്ചിരുന്നു. അദ്ദേഹത്തിന് കൂടുതൽ ഗോളുകൾ നേടാനാവുമെന്നുള്ള പ്രത്യാശയും ടെൻ ഹാഗ്‌ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *