ടെൻ ഹാഗിന്റെ സ്ഥാനം ഉടനെ തെറിക്കുമോ? പകരക്കാരനെ കണ്ടുവെച്ച് യുണൈറ്റഡ്!
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ അവർ 12 തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. യൂറോപ്യൻ കോമ്പറ്റീഷനുകളിൽ നിന്ന് യുണൈറ്റഡ് പൂർണ്ണമായും പുറത്തായി കഴിഞ്ഞു.ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മോശം പ്രകടനമാണ് നടത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ് വലിയ രീതിയിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ആവശ്യങ്ങൾ ഉയർന്ന വരികയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ അദ്ദേഹം ടീമിലേക്ക് കൊണ്ടുവന്ന താരങ്ങൾ ആരും തന്നെ യുണൈറ്റഡിന് ഉപകാരപ്പെട്ടിട്ടില്ല. അക്കാര്യത്തിലും വലിയ വിമർശനങ്ങൾ കേൾക്കേണ്ടിവരുന്നുണ്ട്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Graham Potter a top candidate for Manchester United if Erik ten Hag is sacked by Sir Jim Ratcliffe 🔴 pic.twitter.com/AO71Vv0hIo
— Sky Sports News (@SkySportsNews) December 14, 2023
യുണൈറ്റഡിന്റെ 25% ഓഹരി ബ്രിട്ടീഷ് ബില്യണറായ ജിം റാറ്റ്ക്ലിഫ് ഏറ്റെടുക്കുകയാണ്. അദ്ദേഹം പരിശീലക സ്ഥാനത്ത് ടെൻ ഹാഗിനെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് മുൻ ചെൽസി പരിശീലകനായിരുന്ന ഗ്രഹാം പോട്ടറെ കൊണ്ടുവരാനാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ പോട്ടറെ ജിം കോൺടാക്ട് ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ ഈ പരിശീലകൻ ഫ്രീ ഏജന്റാണ്. ചെൽസിയിൽ നിന്നും പുറത്താക്കപ്പെട്ടതിനുശേഷം അദ്ദേഹം ഒരു ടീമിനെയും ഏറ്റെടുത്തിട്ടില്ല.
ഒരുപാട് ഓഫറുകൾ ഈ പരിശീലകന് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഏതായാലും ടെൻ ഹാഗ് എത്രയും പെട്ടെന്ന് ഈ പരിതാപകരമായ അവസ്ഥക്ക് പരിഹാരം കാണേണ്ടതുണ്ട്.അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ആണ് യുണൈറ്റഡിന്റെ എതിരാളികൾ. ആ മത്സരത്തിൽ വിജയിച്ചു കൊണ്ട് ആരാധകർക്ക് താൽക്കാലികമായ ഒരു ആശ്വാസം പകർന്നു നൽകൽ അനിവാര്യമായ സാഹചര്യമാണിത്.