ടെൻ ഹാഗിനെ പുറത്താക്കിയാൽ അത് താങ്ങാവുന്നതിലുമപ്പുറമായിരിക്കും : മുന്നറിയിപ്പുമായി സ്ക്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ മറ്റൊരു മത്സരത്തിൽ കൂടി പരാജയം രുചിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് കോപൻഹേഗനോട് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ രണ്ടു ഗോളുകളുടെ ലീഡിൽ ഉണ്ടായിരുന്ന യുണൈറ്റഡ് പിന്നീട് നാല് ഗോളുകൾ വഴങ്ങുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

ഈ സീസണിൽ ആകെ 17 മത്സരങ്ങൾ യുണൈറ്റഡ് കളിച്ചപ്പോൾ 9 എണ്ണത്തിലും അവർ പരാജയപ്പെടുകയായിരുന്നു.50 വർഷത്തിനിടെയുള്ള ഏറ്റവും മോശം കണക്കുകളാണ് ഇത്. അതുകൊണ്ടുതന്നെ പരിശീലകനായ ടെൻ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം വളരെ ശക്തമായി ഉയരുന്നുണ്ട്. എന്നാൽ ഇതിനെതിരെ യുണൈറ്റഡ് ഇതിഹാസം പോൾ സ്ക്കോൾസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.ടെൻ ഹാഗിനെ ഈ അവസരത്തിൽ പുറത്താക്കിയാൽ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും എന്ന മുന്നറിയിപ്പാണ് സ്ക്കോൾസ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ടെൻ ഹാഗിൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്ന് എനിക്ക് തോന്നുന്നില്ല.അദ്ദേഹത്തിന് മികച്ച ഒരു വർഷം ഉണ്ടായിരുന്നു. പരിക്കുകൾ അദ്ദേഹത്തിന് വലിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.പക്ഷേ 17 മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും പരാജയപ്പെടുക എന്നത് ഒരിക്കലും നല്ല കാര്യമല്ല.ഇത്തരം സാഹചര്യത്തിൽ യുണൈറ്റഡ് പരിശീലകരെ പുറത്താക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ പരിശീലകനെ പുറത്താക്കിയാൽ അത് അവർക്ക് താങ്ങാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തെ മുന്നോട്ടുപോകാൻ അനുവദിക്കുകയാണ് വേണ്ടത്.യുണൈറ്റഡിൽ യഥാർത്ഥത്തിൽ ലീഡർഷിപ്പിന്റെ അഭാവമാണ് ഉള്ളത് ” ഇതാണ് സ്ക്കോൾസ് പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്.അതായത് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നതിന്റെ വക്കിലാണ് അവരിപ്പോൾ ഉള്ളത്.കരബാവോ കപ്പിൽ നിന്നും അവർ പുറത്തായിരുന്നു. ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ലൂട്ടൻ ടൌണാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *