ടെൻഹാഗ് പുറത്തേക്കോ? പകരക്കാരനെ കണ്ടുവെച്ച് യുണൈറ്റഡ്!
വളരെ ദയനീയമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സീസണിൽ ആകെ കളിച്ച 11 മത്സരങ്ങളിൽ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് യുണൈറ്റഡ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ടീമിനെ മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ആവശ്യമായ സമയം പരിശീലകനായ എറിക്ക് ടെൻഹാഗിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അതിന് അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആരാധകരുടെ ആവശ്യം ഇപ്പോൾ ശക്തമായിട്ടുണ്ട്. യുണൈറ്റഡ് ഉടമസ്ഥർ ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ ഒരു തീരുമാനം എടുത്തേക്കും. വരുന്ന വ്യാഴാഴ്ച ലണ്ടനിൽ വച്ചുകൊണ്ട് ഒരു യോഗം സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ ടെൻഹാഗിന്റെ ഭാവി തീരുമാനമാകും എന്നുമാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ടെൻഹാഗിന് പരിശീലക സ്ഥാനം നഷ്ടമാവുകയാണെങ്കിൽ പകരം പരിശീലകനെയും യുണൈറ്റഡ് കണ്ടു വച്ചിട്ടുണ്ട് എന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻ ചെൽസി പരിശീലകനായ തോമസ് ടുഷെലിനെ കൊണ്ടുവരാൻ ആയിരിക്കും ഇവർ ശ്രമിക്കുക.അദ്ദേഹം നിലവിൽ ഫ്രീ ഏജന്റാണ്.നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പരിശീലകന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.ചെൽസി ക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ടുഷേൽ. ഏറ്റവും ഒടുവിൽ ജർമ്മൻ വമ്പൻമാരായ ബയേണിനെയായിരുന്നു അദ്ദേഹം പരിശീലിപ്പിച്ചിരുന്നത്.
പ്രീമിയർ ലീഗിൽ പരിചയസമ്പത്തുള്ള പരിശീലകനാണ് ടുഷേൽ. പക്ഷേ ടെൻഹാഗിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം യുണൈറ്റഡ് ഇതുവരെ എടുത്തിട്ടില്ല.ഇനിയും മോശം പ്രകടനം തുടരുകയാണെങ്കിൽ ടെൻഹാഗിന് സ്ഥാനം നഷ്ടമാവാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ വില്ലക്കെതിരെയുള്ള മത്സരത്തിൽ ഗോൾ രഹിത സമനിലയായിരുന്നു യുണൈറ്റഡ് വഴങ്ങിയിരുന്നത്. ആ മത്സരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ ടെൻഹാഗിന് സ്ഥാനം ഉടൻതന്നെ നഷ്ടമാകുമായിരുന്നു എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.