ടെൻഹാഗോ പോച്ചെയോ സിദാനോ അല്ല,യുണൈറ്റഡ് കൊണ്ടു വരേണ്ടത് ആ സൂപ്പർ പരിശീലകനെ : റോയ് കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ റാൾഫ് റാഗ്നിക്ക് യഥാർത്ഥത്തിൽ ഒരു ഇടക്കാല പരിശീലകൻ മാത്രമാണ്.ഈ സീസണോട് കൂടി അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള പരിശീലക കരാർ അവസാനിക്കും. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ഒരു സ്ഥിരപരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പരിശീലകരായ എറിക് ടെൻ ഹാഗ്,മൗറിസിയോ പോച്ചെട്ടിനോ,സിനദിൻ സിദാൻ എന്നിവരുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ നായകനായ റോയ് കീൻ ആവശ്യപ്പെടുന്നത് അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണിയെ കൊണ്ടു വരാനാണ്.യുണൈറ്റഡിന് അനുയോജ്യനായ പരിശീലകനാണ് സിമയോണി എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.കീനിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുയോജ്യനായ ഒരു പരിശീലകനാണ് സിമയോണി.നിലവിൽ അദ്ദേഹം അത്ലറ്റികോ മാഡ്രിഡിനൊപ്പം ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ യുണൈറ്റഡിന് അവസരമുണ്ട്.വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള ഒരു പരിശീലകനാണ് സിമയോണി. വലിയ സവിശേഷതകളും മികച്ച വ്യക്തിത്വവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഒരിക്കലും താരങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. അദ്ദേഹത്തെ പോലെ ഒരാൾ ക്ലബ്ബിലേക്ക് വന്നാൽ ഒരുപക്ഷേ ക്ലബ്ബിന്റെ പ്രശ്നങ്ങൾ തീർന്നേക്കാം. ഇതെല്ലാം മാറിമറിയും.യുണൈറ്റഡ് ആകെ താറുമാറാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരുപാട് നല്ല കാര്യങ്ങൾ ഇപ്പോൾ യുണൈറ്റഡിൽ ഉണ്ട്. ശരിയായ പരിശീലകൻ ഇല്ലാത്തതു കൊണ്ടാണ് താരങ്ങൾ മോശം പ്രകടനം നടത്തുന്നത് ” റോയ് കീൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല.ഇനി നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *