ടെൻഹാഗിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ, താരങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് ഇവാൻസ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ആസ്റ്റൻ വില്ലയായിരുന്നു അവരെ ഗോൾ രഹിത സമനിലയിൽ തളച്ചത്. അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സീസണിൽ കളിച്ച പതിനൊന്നു മത്സരങ്ങളിൽ നിന്ന് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് അവർ നേടിയിട്ടുള്ളത്.പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.
അത്രയും മോശം പ്രകടനമാണ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ടെൻഹാഗിനെ ഉടനെ പുറത്താക്കും എന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്. എന്നാൽ ഈ റൂമറുകൾ യുണൈറ്റഡ് താരങ്ങളെയും ബാധിച്ചു തുടങ്ങി എന്ന് യുണൈറ്റഡിലെ വെറ്ററൻ താരമായ ജോണി ഇവാൻസ് പറഞ്ഞിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” എല്ലാ താരങ്ങളും ഈ മത്സരത്തിൽ കഴിയാവുന്നതുപോലെ മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. സീസണിൽ ഉടനീളം എല്ലാ താരങ്ങളെയും നിങ്ങൾക്ക് ലഭിച്ചു എന്ന് വരില്ല.എല്ലാ താരങ്ങളും റെഡിയായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലകൻ സമ്മർദ്ദത്തിലാണ്,അദ്ദേഹത്തെക്കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്. അത് താരങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.ഏത് സന്ദർഭത്തിൽ ആണെങ്കിലും ടീമിന് വേണ്ടി പരമാവധി നൽകുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. അതാണ് ഞാൻ എന്റെ കരിയറിൽ പഠിച്ചിട്ടുള്ളത് ” ജോണി ഇവാൻസ് പറഞ്ഞു.
36 കാരനായ ജോണി ഇവാൻസ് ആണ് ഇന്നലത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് യുണൈറ്റഡ് കളിക്കളത്തിലേക്ക് തിരികെയെത്തുക. എന്നാൽ അതിനു മുൻപേ ടെൻഹാഗിന്റെ കാര്യത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.