ടെൻഹാഗല്ല,യുണൈറ്റഡിന്റെ പ്രശ്നം താരങ്ങൾ:മഗ്വയ്ർ
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഏഴാം റൗണ്ട് പോരാട്ടത്തിൽ ആസ്റ്റൻ വില്ലയാണ് എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30ന് വില്ലയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നാൽ ടെൻഹാഗിനെ പുറത്താക്കിയേക്കും എന്നുള്ള റൂമറുകൾ വളരെ സജീവമാണ്.
ഈയൊരു അവസരത്തിൽ പരിശീലകനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി മഗ്വയ്ർ.ടെൻഹാഗിനെ കുറ്റപ്പെടുത്താൻ പാടില്ലെന്നും മറിച്ച് താരങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടത് എന്നുമാണ് മഗ്വയ്ർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോളിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നുള്ളത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്.പക്ഷേ പരിശീലകനായ മറ്റുള്ളവരെയോ അല്ല കുറ്റപ്പെടുത്തേണ്ടത്.ഞങ്ങൾ ഞങ്ങളെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്.കളിക്കളത്തിൽ കളിക്കുന്നത് ഈ താരങ്ങളാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഞങ്ങളാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് ഞങ്ങൾക്ക് പുതിയ ഒരു തുടക്കം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് ” ഇതാണ് മഗ്വയ്ർ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ആകെ 9 മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചു കഴിഞ്ഞു.അതിൽ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കും.