ടുഷേലിന്റെ സ്ഥാനം തെറിക്കാനുള്ള കാരണങ്ങളിലൊന്ന് ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് പറഞ്ഞത് :റിപ്പോർട്ട്‌

കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ചെൽസി തങ്ങളുടെ പരിശീലകനായ തോമസ് ടുഷേലിനെ പുറത്താക്കിയത്. സീസണിന്റെ തുടക്കത്തിൽ തന്നെ ടുഷേലിനെ പോലെയുള്ള ഒരു പരിശീലകന് സ്ഥാനം നഷ്ടമാകുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ചെൽസിയുടെ ഈ തീരുമാനത്തിനെതിരെ ആരാധകർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ഏതായാലും എന്തുകൊണ്ട് ടുഷേലിനെ ചെൽസി പുറത്താക്കി എന്നുള്ളതാണ് ഫുട്ബോൾ ലോകം വ്യാപകമായി ചർച്ച ചെയ്യുന്നത്.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ ഇംഗ്ലീഷ് മാധ്യമങ്ങളും ജർമ്മൻ മാധ്യമമായ ബിൽഡും പുറത്തു വിട്ടിട്ടുണ്ട്. അതായത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ വ്യാപകമായിരുന്നു. മാത്രമല്ല റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസുമായി ചെൽസിയുടെ പുതിയ ഉടമസ്ഥൻ ടോഡ് ബോഹ്ലി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. റൊണാൾഡോയെ ടീമിലേക്ക് എത്തിക്കാൻ വളരെയധികം താല്പര്യമുള്ള വ്യക്തിയായിരുന്നു ടോഡ് ബോഹ്ലി.

എന്നാൽ ഇദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് തടസ്സം നിന്നത് പരിശീലകനായ തോമസ് ടുഷേലായിരുന്നു.റൊണാൾഡോയെ വേണ്ട എന്നുള്ള കാര്യം ടുഷേൽ ബോഹ്ലിയെ അറിയിച്ചിരുന്നു. ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്നായിരുന്നു ഇതിന്റെ കാരണമായി കൊണ്ട് ടുഷേൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വിഷയത്തിൽ ചെൽസിയുടെ ഉടമസ്ഥന് ടുഷേലിന് കടുത്ത അസംതൃപ്തി ഉണ്ടായിരുന്നുവെന്നും സീസണിന്റെ തുടക്കത്തിൽ തന്നെ ടുഷേലിന്റെ സ്ഥാനം തെറിക്കാനുള്ള കാരണങ്ങളിലൊന്ന് റൊണാൾഡോയെ നിരസിച്ചതാണ് എന്നുമാണ് ഈ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

പക്ഷേ പ്രധാനപ്പെട്ട കാരണം ഇതൊന്നുമല്ല എന്നുള്ളത് വ്യക്തമാണ്. ചെൽസിയുടെ മോശം പ്രകടനം കൊണ്ട് തന്നെയാണ് ടുഷേലിന് സ്ഥാനം നഷ്ടമായിട്ടുള്ളത്. പ്രീമിയർ ലീഗിലെ തോൽവികൾക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും ചെൽസി പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ട് പോലും ടീമിനെ തിളങ്ങാൻ കഴിയാത്തത് ചെൽസി ഉടമസ്ഥനിൽ അസംതൃപ്തി ഉണ്ടാക്കി. കൂടാതെ റാഫീഞ്ഞ,കൂണ്ടെ എന്നീ താരങ്ങളെ ലഭിക്കാത്തതും ടുഷേലും ക്ലബ്ബും തമ്മിലുള്ള ബന്ധത്തെ വഷളാക്കുകയും ചെയ്തിരുന്നു. പ്രധാനമായും ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് ടുഷേലിന് ഇപ്പോൾ സ്ഥാനം നഷ്ടമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *