ഞൊടിയിടയിൽ ബെൻസിമ കൂടുതൽ മികച്ച താരമായി മാറി,അതുപോലെയാവണം :ഹാലണ്ട്!
സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ പുറത്തെടുക്കുന്നത്.കഴിഞ്ഞ സീസണിൽ ഏവരെയും അമ്പരപ്പിക്കുന്ന മികവാണ് താരം കാഴ്ചവെച്ചത്. ചാമ്പ്യൻസ് ലീഗും ലാലിഗയുമൊക്കെ നേടി കൊടുക്കുന്നതിൽ ബെൻസിമ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ ബാലൺ ഡിയോർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും ബെൻസിമ തന്നെയാണ്.
ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ എർലിംഗ് ഹാലണ്ട് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് വളരെ പെട്ടെന്ന് ബെൻസിമ കൂടുതൽ മികച്ച താരമായി മാറിയെന്നും 34 ആം വയസ്സിലും തനിക്ക് ബെൻസിമയെ പോലെയാവണമെന്നുമാണ് എർലിംഗ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫോർ ഫോർ ടു എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.ഹാലണ്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— RMC Sport (@RMCsport) August 23, 2022
” നമ്മൾ എപ്പോഴും പഠിക്കുകയും ഡെവലപ്പ് ആവുകയും വേണം. പുരോഗതി പ്രാപിക്കാൻ വേണ്ടി പുതിയ വഴികൾ തേടുന്ന പ്രവണത ഒരിക്കലും അവസാനിപ്പിക്കാൻ പാടില്ല. റയൽ മാഡ്രിഡിലെ ബെൻസിമയെ ഒന്ന് നോക്കൂ.അദ്ദേഹത്തിന് 34 വയസ്സാണ്. പക്ഷേ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വളരെ പെട്ടെന്ന് അദ്ദേഹം കൂടുതൽ മികച്ച താരമായി മാറി.അത് അസാധാരണമായ ഒരു കാര്യമാണ്. എനിക്കും ബെൻസിനെ പോലെയാവണം ” ഇതാണ് താരത്തെക്കുറിച്ച് ഹാലണ്ട് പറഞ്ഞിട്ടുള്ളത്.
നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ പെട്ടവരാണ് ബെൻസിമയും ഹാലണ്ടും. ഈ വർഷം റയലിന് വേണ്ടി ആകെ 26 ഗോളുകളും 9 അസിസ്റ്റുകളും കരസ്ഥമാക്കാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഈ കാലയളവിൽ 13 ഗോളുകളും 4 അസിസ്റ്റുകളുമാണ് തന്റെ ക്ലബ്ബുകൾക്ക് വേണ്ടി ഹാലണ്ട് കരസ്ഥമാക്കിയിട്ടുള്ളത്.