ഞാൻ കളത്തിൽ ഇപ്പോൾ തന്നെ ഒരു കോച്ചാണ് : പരിശീലകനാവുമെന്ന് പ്രഖ്യാപിച്ച് തിയാഗോ സിൽവ.

ചെൽസിയുടെ ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ തന്റെ നാല്പതാമത്തെ വയസ്സിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന സമ്മറിലാണ് ചെൽസിയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.ഈ കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹം അവിടെ തുടരാനുള്ള സാധ്യതകൾ ഒരല്പം കുറവാണ്. സിൽവ ബ്രസീലിലേക്ക് തന്നെ മടങ്ങും എന്നാണ് പുറത്തേക്ക് വരുന്ന റൂമറുകൾ.

ഏതായാലും ഫുട്ബോളിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാകും എന്നുള്ള ഒരു പ്രഖ്യാപനം ഇതിനോടകം തന്നെ സിൽവ നടത്തിയിട്ടുണ്ട്. കളത്തിനകത്ത് തന്നെ താൻ ഒരു ചെറിയ പരിശീലകനാണ് എന്നാണ് ഇതിനെക്കുറിച്ച് സിൽവ പറഞ്ഞിട്ടുള്ളത്.പ്രമുഖ മാധ്യമമായ ദി ഗാർഡിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കളിക്കളത്തിനകത്ത് ഇപ്പോൾതന്നെ ഞാൻ ചെറിയൊരു പരിശീലകനാണ്. പുറകിൽ നിന്ന് ഞാൻ മത്സരം വീക്ഷിക്കുന്നു,ഒരുപാട് സാഹചര്യങ്ങൾ ഞാൻ നിരീക്ഷിക്കുന്നു. ഈ സാഹചര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ മറ്റു താരങ്ങൾക്ക് ഞാൻ നൽകുന്നുണ്ട്.പോച്ചെട്ടിനോയോടും അദ്ദേഹത്തിന്റെ സ്റ്റാഫുകളോടും ഞാൻ സംസാരിക്കുന്നു.ചില സമയങ്ങളിൽ എന്താണ് തെറ്റുകൾ,അത് എങ്ങനെ പരിഹരിക്കാം എന്നുള്ളത് കളത്തിൽ ഉള്ളവർക്ക് മാത്രമാണ് തിരിച്ചറിയാൻ സാധിക്കുക.കളത്തിന് പുറത്തും അത് പ്രധാനപ്പെട്ടതാണ്. താരങ്ങളും പരിശീലകരും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

ഭാവിയിൽ പരിശീലകൻ ആവാൻ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിക്കാൻ ഈ പ്രതിരോധനിര താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോൾകീപ്പർ മാറ്റി നിർത്തിയാൽ പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടി എല്ലാ മിനുട്ടുകളും കളിച്ച ഏക താരവും സിൽവ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *