ഞങ്ങൾ അവനായി കാത്തിരിക്കുകയാണ്: തകർപ്പൻ പ്രകടനം തുടരുന്ന എസ്റ്റവായോയെ കുറിച്ച് ചെൽസി കോച്ച്!
ഗംഭീര പ്രകടനമാണ് ബ്രസീലിയൻ യുവ പ്രതിഭയായ എസ്റ്റവായോ വില്യൻ തന്റെ ക്ലബ്ബായ പാൽമിറാസിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയ താരം മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ബ്രസീലിയൻ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയത് ഈ താരമാണ്.ബ്രസീലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവും എസ്റ്റവായോ വില്യനാണ്.
22 മത്സരങ്ങൾ കളിച്ച താരം 16 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്.9 ഗോളുകളും 7 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.കേവലം 17 വയസ്സ് മാത്രമുള്ള ഈ താരം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്.ഈയിടെ ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും എസ്റ്റവായോക്ക് സാധിച്ചിരുന്നു.
അദ്ദേഹത്തെ നേരത്തെ തന്നെ ചെൽസി സ്വന്തമാക്കിയിട്ടുണ്ട്. 18 വയസ്സ് പൂർത്തിയായ ശേഷം വരുന്ന സീസണിലാണ് അദ്ദേഹം ചെൽസിയോടൊപ്പം ജോയിൻ ചെയ്യുക. ചെൽസിയുടെ പരിശീലകനായ എൻസോ മരസ്ക്ക താരത്തിന്റെ മിന്നും പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്.എസ്റ്റവായോയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനത്തോടുകൂടി നെയ്മറുടെ കണക്കുകൾക്കുമൊത്താൻ എസ്റ്റവായോക്ക് കഴിഞ്ഞിട്ടുണ്ട്. പതിനേഴാം വയസ്സിൽ നെയ്മർ ജൂനിയർ ബ്രസീലിയൻ ലീഗിൽ 10 ഗോളുകളും ആറ് അസിസ്റ്റുകളും ആയിരുന്നു നേടിയിരുന്നത്.2009ലായിരുന്നു നെയ്മർ 16 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിരുന്നത്.എസ്റ്റവായോ വില്യൻ ഈ പതിനേഴാം വയസ്സിൽ ഇപ്പോൾ 16 ഗോൾ പങ്കാളിത്തങ്ങൾ ബ്രസീലിയൻ ലീഗിൽ വഹിച്ചു കഴിഞ്ഞു. നെയ്മർക്ക് ശേഷം ബ്രസീലിയൻ ഫുട്ബോൾ കണ്ട ഏറ്റവും വലിയ ടാലന്റ് എന്നാണ് പലരും എസ്റ്റവായോ വില്യനെ വിശേഷിപ്പിച്ചിട്ടുള്ളത്.