ഞങ്ങൾക്ക് പണി തന്നത് ലിസാൻഡ്രോ: തുറന്ന് പറഞ്ഞ് പെപ്!
ഇന്നലെ FA കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്. യുവ സൂപ്പർതാരങ്ങളായ ഗർനാച്ചോ,മൈനൂ എന്നിവർ നേടിയ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്. മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കരുത്തരായ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ കഴിഞ്ഞത് യുണൈറ്റഡിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.
ഇന്നലത്തെ മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് യുണൈറ്റഡിന്റെ അർജന്റൈൻ പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനസ് പുറത്തെടുത്തിട്ടുള്ളത്. മത്സരത്തിന്റെ 73ആം മിനുട്ട് വരെയാണ് അദ്ദേഹം കളിച്ചത്. പ്രതിരോധത്തിൽ കാര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തത് പോലെ മുന്നേറ്റത്തിലും അദ്ദേഹം തന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. സിറ്റിയും യുണൈറ്റഡും തമ്മിലുള്ള വ്യത്യാസം ലിസാൻഡ്രോ മാർട്ടിനസായിരുന്നു എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലോകത്തെ ഏറ്റവും മികച്ച 5 സെന്റർ ബാക്ക്മാരിൽ ഒരാളാണ് ലിസാൻഡ്രോ മാർട്ടിനസ്.ഇന്നത്തെ മത്സരത്തിൽ വ്യത്യാസം സൃഷ്ടിച്ചത് അദ്ദേഹമാണ്. ഞങ്ങളുടെ പ്രതിരോധ നിരകൾക്കിടയിലൂടെ അദ്ദേഹം നൽകിയ പാസുകളാണ് ഇന്നത്തെ മത്സരത്തിൽ ഡിഫറൻസ് ഉണ്ടാക്കിയത് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ ഈ അർജന്റൈൻ താരത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
പരിക്കുകൾ വലിയ വെല്ലുവിളി ഉയർത്തുന്ന താരമാണ് ലിസാൻഡ്രോ.കേവലം 11 മത്സരങ്ങൾ മാത്രമാണ് ഈ പ്രീമിയർ ലീഗിൽ അദ്ദേഹം കളിച്ചിട്ടുള്ളത്.പരിക്ക് കാരണം ബാക്കിയുള്ള മത്സരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകളാണ് തങ്ങൾക്ക് ഈ സീസണിൽ വിനയായതെന്ന് ടെൻഹാഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.