ഞങ്ങൾക്കെതിരെ ഗോളടിക്കരുതെന്ന് ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ചു, കേട്ടില്ല : പീർസ് മോർഗൻ

കഴിഞ്ഞ ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ വിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ജയം കരസ്ഥമാക്കിയിരുന്നത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് യുണൈറ്റഡിന്റെ വിജയശില്പിയായത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.രണ്ടാം പകുതിയിലായിരുന്നു താരത്തിന്റെ രണ്ടു ഗോളുകളും പിറന്നത്.

ഏതായാലും ഈ മത്സരത്തിന് മുന്നേ താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കയച്ച രസകരമായ സന്ദേശം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ആഴ്സണൽ ആരാധകനും ടിവി അവതാരകനുമായ പീർസ് മോർഗൻ.കഴിഞ്ഞ ദിവസം ഡെയിലി മെയിലിന്റെ കോളത്തിലാണ് ഇദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മോർഗന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിന് മുന്നേ ഞാൻ ക്രിസ്റ്റ്യാനോക്ക് ഒരു സന്ദേശം അയച്ചിരുന്നു. ” ദയവായി ഞങ്ങൾക്കെതിരെ ഗോളടിക്കരുത് ” എന്നായിരുന്നു ആ സന്ദേശത്തിലെ അപേക്ഷ. പക്ഷേ അദ്ദേഹം രണ്ട് ഗോളുകൾ നേടി. അതിന് ശേഷം ക്രിസ്റ്റ്യാനോ എനിക്ക് മറുപടി നൽകി. സോറി എന്നായിരുന്നു മറുപടി. കൂടെ ഒരു ചിരിക്കുന്ന ഇമോജിയും ഉണ്ടായിരുന്നു. അതില്ലായിരുന്നുവെങ്കിൽ ഞാൻ ആ സോറി സ്വീകരിക്കുമായിരുന്നില്ല ” ഇതാണ് പീർസ് മോർഗൻ പറഞ്ഞത്.

നിലവിൽ മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്നത്.7 ഗോളുകൾ രണ്ട് അസിസ്റ്റുകളും താരം ഈ ഇപിഎല്ലിൽ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *