ഞങ്ങളുടെ സലായും എംബപ്പെയും നെയ്മറും ഡി ബ്രൂയിനയുമൊക്കെ ആ താരമാണ് : ടുഷെൽ പറയുന്നു!
തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ചെൽസിയുടെ അഭിവാജ്യഘടകങ്ങളിലൊന്നാണ് ഫ്രഞ്ച് സൂപ്പർ താരമായ എങ്കോളോ കാന്റെ. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ കാന്റെക്ക് കഴിഞ്ഞിരുന്നു.എന്നാൽ ഈ സീസണിൽ പരിക്കും മറ്റു പ്രശ്നങ്ങളുമായി വേണ്ടത്ര മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.
ഏതായാലും ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെൽ ഇപ്പോൾ കാന്റെയെ പ്രശംസിച്ചിട്ടുണ്ട്.ചെൽസിയുടെ സലായും എംബപ്പേയും നെയ്മറും ഡി ബ്രൂയിനയും വാൻ ഡൈക്കുമൊക്കെ കാന്റെയാണ് എന്നാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.ലെസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടുഷെലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 20, 2022
” ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കീ പ്ലയെർ കാന്റെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം തീർച്ചയായും കളിക്കളത്തിൽ ഉണ്ടായേ മതിയാവൂ. പക്ഷേ ഈ സീസണിലെ 40% മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. എന്നിട്ടുപോലും ഞങ്ങൾ മൂന്നാം സ്ഥാനത്തുണ്ട് എന്നുള്ളത് ഒരു അത്ഭുതം തന്നെയാണ്. ഞങ്ങളുടെ സലായും വാൻ ഡൈക്കും ഡി ബ്രൂയിനയും എംബപ്പേയും നെയ്മറുമൊക്കെ കാന്റെയാണ്. വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തെ 40 ശതമാനം മത്സരത്തിൽ മാത്രമാണ് നിങ്ങൾക്ക് ലഭ്യമായതെങ്കിൽ അത് വലിയൊരു പ്രശ്നം തന്നെയാണ്. കഴിഞ്ഞ സീസണിൽ വാൻ ഡൈക്ക് ഇല്ലാതെ ലിവർപൂൾ ഒരുപാട് ബുദ്ധിമുട്ടുന്നത് നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാകും.കാന്റെ ഞങ്ങളുടെ പ്രധാനപ്പെട്ട താരമാണ്, അദ്ദേഹത്തെ കളത്തിൽ ഞങ്ങൾക്ക് ആവിശ്യമുണ്ട് ” ടുഷെൽ പറഞ്ഞു.
ഈ പ്രീമിയർ ലീഗിലെ 37 മത്സരങ്ങളിൽ 25 മത്സരങ്ങളാണ് കാന്റെ കളിച്ചിട്ടുള്ളത്. മാത്രമല്ല പല മത്സരങ്ങളിലും അദ്ദേഹത്തിന് സമയം കുറവായിരുന്നു. രണ്ട് ഗോളുകളും 4 അസിസ്റ്റുകളുമാണ് പ്രീമിയർ ലീഗിൽ താരത്തിന്റെ സമ്പാദ്യം.